

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയെ മലയാള മനോരമ ദിനപത്രം വ്യാജ നിര്‍മ്മിതികള്‍ക്കൊണ്ട് കരിവാരിത്തേച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവരുടെ ലക്ഷ്യം ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണെന്നും അതേ മാനസികാവസ്ഥ തന്നെയാണ് വെനിസ്വേലയെ ആക്രമിച്ച് പ്രസിഡന്റിനെ തട്ടികൊണ്ട് പോയ അമേരിക്കന്‍ ഭീകരതയെ സ്വഭാവികവല്‍ക്കരിക്കാനും മനോരമയ്ക്ക് പ്രേരണയായതെന്നം മുഖ്യമന്ത്രി പറഞ്ഞു.
'മലയാളത്തിലെ ഏറ്റവും വലിയ വാര്‍ത്താ പത്രം എന്ന അവകാശപ്പെടുന്ന മനോരമ ജനുവരി അഞ്ചിന് ഇറങ്ങിയത് 'അപ്പോള്‍ അന്ന് പറഞ്ഞതോ' എന്ന പ്രധാന തലക്കെട്ടുമായാണ്. അതി ദാരിദ്ര്യമുക്തമായ കേരളം അങ്ങനെ ആയില്ലെന്നും വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ പുതിയ പദ്ധതിയായി വരുന്നു എന്നുമാണ് മനോരമയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയില്‍, പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രണ്ട് ചടങ്ങുകളാണ് നടത്തിയത്. ഒന്ന് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാശനം, രണ്ട് ഇപിഇപി 2.0 (അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ രണ്ടാം ഘട്ടം) പദ്ധതിരേഖയുടെ പ്രകാശനം. അന്ന് ലോകം മുഴുവന്‍ കണ്ട ആ ചടങ്ങും പദ്ധതി പ്രഖ്യാപനവുമാണ് 63 ദിവസം കഴിഞ്ഞ് മനോരമ പുതിയൊരു 'കണ്ടുപിടുത്തമായി' അവതരിപ്പിച്ചത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പാളിപ്പോയതുകൊണ്ട് സര്‍ക്കാര്‍ രണ്ടാം ഘട്ടവുമായി വരുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കാനാണ് മനോരമ ശ്രമിച്ചത്', മുഖ്യമന്ത്രി പറഞ്ഞു.
'2022 ലാണ് 64,006 അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയത്. അവരെ 3 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിലൂടെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുകയായിരുന്നു. 2022ന് ശേഷം പുതുതായി ആരെങ്കിലും ആ അവസ്ഥയിലേക്ക് പോയിട്ടുണ്ടോ എന്ന് കണ്ടെത്തി അവരെ മോചിപ്പിക്കാനാണ് രണ്ടാം ഘട്ടം. ഒപ്പം, ഇപ്പോള്‍ അതിദാരിദ്ര്യമുക്തരായ ഒരാളും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനുമാണ് ഇപിഇപി 2.0. ഇതൊരു തുടര്‍ച്ചയാണ്. കഴിഞ്ഞാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. പുതിയ ജനപ്രതിനിധികളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഓര്‍മ്മിപ്പിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ സംവാദത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ചും ഈ വര്‍ഷത്തെ പദ്ധതി റിവിഷനിലും അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിലും അത് എപ്രകാരം ഉള്‍പ്പെടുത്തണം എന്നതില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇത്രമാത്രം കൃത്യതയോടെയും സുതാര്യതയോടെയും നടപ്പാക്കുന്ന, നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കുന്നത് എന്തു തരം മാധ്യമപ്രവര്‍ത്തനമാണ്? അതിനായി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരുടെ ലക്ഷ്യം എന്താണ്. ഒറ്റ ഉത്തരമേയുള്ളു. ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണത്. അതേ മാനസികാവസ്ഥ തന്നെയാണ് വെനിസ്വേലയെ ആക്രമിച്ച് പ്രസിഡന്റിനെ തട്ടികൊണ്ട് പോയ അമേരിക്കന്‍ ഭീകരതയെ സ്വഭാവികവല്‍ക്കരിക്കാനും പ്രേരണയാകുന്നത്. അത് നാം ഓരോരുത്തരും തിരിച്ചറിയണം', മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: Pinarayi Vijayan Against Malayala Manorama over EPEP Reporting