

തിരുവനന്തപുരം: വെനസ്വേലയ്ക്ക്മേലുള്ള അമേരിക്കന്‍ അധിനിവേശം നികൃഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയശൂന്യതയ്‌ക്കെതിരെ ശബ്ദമുയരണം. യുഎസ് സൈനിക കടന്നുകയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
'അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് ആകെ നടത്തുന്ന സൈനിക കടന്നു കയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണ്. വിയറ്റ്നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയവരെയും ലാറ്റിന്‍ അമേരിക്ക ആകെയും ആ രക്തം ചിതറി കിടക്കുന്നു. തങ്ങളുടെ സാമ്പത്തികരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. അധിനിവേശ താല്‍പര്യങ്ങള്‍ക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റ്നാമിലെയും വരും തലമുറകളെ പോലുംവേട്ടയാടുന്നതാണ്. ഇറാക്കിലും സിറിയയിലും അമേരിക്ക വിതച്ച വിനാശങ്ങള്‍ ആ രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പിന്നോട്ട് അടിപ്പിച്ചു. അത് പശ്ചിമേഷ്യയില്‍ ആകെ അസ്ഥിരത പടര്‍ത്തി. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം അടിച്ചേല്‍പ്പിക്കാന്‍ രാഷ്ട്രങ്ങള്‍ക്കുമേല്‍ അമേരിക്ക ക്രൂരമായ ആക്രമണം നടത്തുന്നതിന് മടിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വെനിസ്വേലയില്‍ കണ്ടത് അതുതന്നെയാണ്', മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വെനിസ്വേലയില്‍ സംഭവിച്ചത് നാളെ ലോകത്തെ മറ്റ് ഏതൊരു രാജ്യത്തും സംഭവിക്കാം. ഇത് നമ്മളെ ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്. പഹല്‍ഗാമില്‍ പാകിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്‍റെ ഐക്യദാര്‍ഢ്യം ഉറപ്പാക്കാനാണ് പ്രത്യേക പ്രതിനിധി സംഘങ്ങളെ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയച്ചത്. അന്ന് നാം ആഗ്രഹിച്ച അതേ രാജ്യാന്തര പിന്തുണയ്ക്ക് ഇന്ന് വെനിസ്വേലയിലെ ജനങ്ങള്‍ക്കും അവകാശമുണ്ട്. മനുഷ്യമനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്വ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവല്‍ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനും ഉള്ള ത്വരയാണ് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച വിദേശ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ അമേരിക്കയുടെ പേര് പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഓരോ ദിവസവും ഇന്ത്യയെയും നമ്മുടെ പരമാധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സും അതേ വഴിയിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ വീണ്ടും വീണ്ടും ഉയര്‍ത്തുമെന്ന് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോഴും, അതേ ട്രംപിന്‍റെ പേരില്‍ ഒരു റോഡ് തന്നെ ഉണ്ടാക്കാന്‍ മത്സരബുദ്ധി കാണിക്കുന്ന തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നാം കണ്ടു. ഇതില്‍ ആരും അത്ഭുതപ്പെടുന്നില്ല. അമേരിക്കയുടെ ഫണ്ടിങ്ങോടെ സി ഐ എ ആസൂത്രണംചെയ്ത വിമോചന സമരം എന്ന അട്ടിമറി സമരം നടത്തിയവര്‍ക്ക് അതേ ചെയ്യാനാവൂ', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: venezuela Issue center is subordinate to the United States Said Pinarayi Vijayan