

കൊച്ചി: ബിജെപിയില്‍ ചേരാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് റെജി ലൂക്കോസ്. ഓഫര്‍ ഒന്നുമില്ല. എന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെച്ചെന്ന് പറഞ്ഞാല്‍ നുണയാണ്. കിട്ടുന്ന വേദിയിലെല്ലാം ഇനി താന്‍ ബിജെപിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ബിജെപിയില്‍ സീറ്റ് വാഗ്ദാനമില്ല. അത്തരമൊരു ചര്‍ച്ച ഉണ്ടായിട്ടില്ല. സ്‌നേഹമുള്ള മനുഷ്യരാണവിടെയെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ അനുസരണയുള്ള പ്രവര്‍ത്തകനായി മുന്നോട്ട് പോകും. നാളത്തെ കേരളത്തെക്കുറിച്ചുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ കാഴ്ചപ്പാടും നരേന്ദ്രമോദിയുടെ വികസനവും യാത്ര ചെയ്ത് ബോധ്യപ്പെട്ട കാര്യങ്ങളും മനസ്സിലുണ്ട്. കേന്ദ്രത്തിനെതിരായ യുദ്ധ പ്രഖ്യാപനം അല്ല വേണ്ടത്. രാജീവ് ചന്ദ്രശേഖറിനെയോ നരേന്ദ്രമോദിയെയോ കള്ളനെന്ന് വിശേഷിപ്പിച്ച് ഒരുവാക്ക് പോലും നേരത്തെ പറഞ്ഞിട്ടില്ല. ബിജെപിക്ക് ശബരിമലക്കൊള്ളയുമായി ബന്ധമില്ല. പുതിയ തലമുറയ്ക്ക് വേണ്ടി ചിന്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളം വൃദ്ധസദനമാകരുതെന്നും റെജി ലൂക്കോസ് പറഞ്ഞു.
ഇന്നലെ വരെ സഹയാത്രികനായി നടന്ന പാര്‍ട്ടിയെ ഒരുവാക്കുകൊണ്ട് പോലും താന്‍ ഇന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. ഏത് നിമിഷമാണ് ബിജെപിയുടെ ഭാഗമാകാന്‍ തോന്നിയതെന്ന ചോദ്യത്തോട് ഒരു ദിവസം രാവിലെ ചെന്ന് പാര്‍ട്ടി അംഗത്വം തരുമോയെന്ന് ചോദിക്കാന്‍ ഒക്കില്ലല്ലോ. തന്റെ മനസ്സ് പാകപ്പെടുത്തി ബിജെപിയില്‍ ചേരാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട സമയമൊന്നും കുറിച്ചുവെച്ചില്ല. സിപിഐഎം സഹയാത്രികനായി തുടരുന്ന കാലത്ത് അതിനോട് നീതി കാണിച്ചിട്ടുണ്ടെന്നും റെജി ലൂക്കോസ് മറുപടി നല്‍കി.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ പോക്ക് ശരിയല്ല. ഇപ്പോള്‍ ബിജെപിയില്‍ അംഗം മാത്രമാണ്. നാളെ ഏതെങ്കിലും ജില്ലയില്‍ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അത് ചെയ്യും. ജീവിതത്തില്‍ ആദ്യമായി ഇന്നാണ് രാജീവ് ചന്ദ്രശേഖറിനെ കാണുന്നതെന്നും റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'കുറെ നാളുകളായി എനിക്ക് ക്ഷണമുണ്ട്. ഇന്നുമുതല്‍ എന്റെ ആശയങ്ങള്‍ ബിജെപിക്കൊപ്പമാണ്. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിട്ടു. ഇന്ന് ഈ നിമിഷം മുതല്‍ എന്റെ വാക്കുകളും പ്രവര്‍ത്തികളും ബിജെപിക്കുവേണ്ടിയാണ്' എന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം.
Content Highlights: no offer to join BJP Said Regi lukose