

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബംഗാളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ബിജെപി പോര് കനക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് തൃണമൂൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസി തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പാർട്ടി രേഖകൾ മോഷ്ടിച്ചതായി ആരോപിച്ച് റെയ്ഡിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. പാർട്ടി വിവരങ്ങൾ അടങ്ങിയ പ്രധാന ഫയലുകൾ അനധികൃതമായി ഇഡി കൈയ്യേറിയെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പെടുത്ത് അടുത്തിരിക്കവെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി റെയ്ഡുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഇഡി പിന്നീട് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്..
മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിൻ്റെ വസതിയിലും സാൾട്ട് ലേക്ക് സെക്ടർ അഞ്ചിലുള്ള ഗോദ്‌റെജ് വാട്ടർസൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെ ടിഎംസി നേതാക്കൾ സാൾട്ട് ലേക്ക് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രം, 2026 ലെ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക, രഹസ്യ പാർട്ടി രേഖകൾ എന്നിവ കൈക്കലാക്കുന്നതിനാണ് റെയ്ഡുകൾക്ക് ഉത്തരവിട്ടതെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ വാദം. തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക വിവരങ്ങള്‍ ശേഖരിക്കാന്‍ അമിത് ഷാ അയച്ചതാണ് ഇഡിയെ എന്നായിരുന്നു മമതയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ നിയന്ത്രിക്കണമെന്ന് മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജയിക്കണം എങ്കില്‍ മാന്യമായി രാഷ്ട്രീയമായി പോരാടണം. ഞങ്ങളുടെ ഐടി സെല്‍ ഓഫീസില്‍ എന്തിനാണ് റെയ്ഡ് നടത്തുന്നത്. തങ്ങളുടെ വോട്ടര്‍മാരുടെ പേര് വെട്ടിക്കളയുന്നു. ഇത് തുടര്‍ന്നാല്‍ ബംഗാളില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്നും മമത പറഞ്ഞു.
അതേ സമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടന്നതെന്നും കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനം ഐ-പാകിലേക്ക് മാറ്റിയെന്നുമുള്ള ആരോപണമാണ് റെയ്ഡിന് പിന്നിലെന്നുമാണ് ഇഡിയുടെ നിലപാട്. മമതക്കെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇഡിയുടെ അന്വേഷണം തടസപ്പെടുത്തി. ഇഡി റെയ്ഡ് ചെയ്ത രണ്ടു സ്ഥലങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തിയത് സംഘർഷങ്ങൾക്ക് വഴിവെച്ചു.പശ്ചിമ ബംഗാളിൽ ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ, ഒരു മുഖ്യമന്ത്രി ഔദ്യോഗിക അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നായിരുന്നു ബിജെപി നേതാവ് എക്സിലൂടെ പ്രതികരിച്ചത്.
Content Highlights: Dramatic scenes unfolded during an ED raid in West Bengal. Enforcement Directorate officials arrived this morning at the office of I-PAC, the agency handling the election campaign of the Trinamool Congress. Shortly after the raid began, Chief Minister Mamata Banerjee reached the spot in person and accused the central government of misusing the ED.