

തിരുവനന്തപുരം: നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിനായി പ്രതിഫലം ഉണ്ടാകില്ലെന്നും താരം സമ്മതം അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ചരിത്ര വരുമാന നേട്ടം കൂട്ടായ സഹകരണ പ്രവർത്തനത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ മികച്ച നേട്ടമായി ഇതിനെ വിശേഷിപ്പിക്കാം. എന്നന്നേക്കുമായി അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആർടിസിയെ ഇടതു മുന്നണി സർക്കാർ തിരിച്ചു കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 5ന് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കെഎസ്ആർടിസി സ്വന്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിക്ക് ആകെയുള്ളത് 5,502 ബസുകളാണ്. അതിൽ ഇന്നലെ ഓടിയത് 4,852 ബസുകളാണ്. ശബരിമല സീസൺ ആയത് കൊണ്ടല്ല നേട്ടം. ഇടവഴിയിലും നടവഴിയിലും ബസ് ഓടിച്ചതിന്റെ വിജയമാണിത്. കെഎസ്ആർടിസി ഡെഡ് മൈലേജ് കുറച്ചു. ധനവകുപ്പിന്റെയും സർക്കാരിന്റെയും പൂർണ സഹായം ലഭിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ കോർപ്പറേഷൻ കെഎസ്ആർടിസിയാണ്. ഷെഡ്യൂൾ വരെ തീരുമാനിക്കുന്നത് എ ഐ വിദ്യ കൊണ്ടാണ്. റൂട്ടുകൾ കൂടുതൽ ശാസ്ത്രീയമാക്കി. എ ഐ സോഫ്റ്റ്‌വെയർ തന്റെ തലയിലെ ആശയമാണെന്നും അഭിമാനത്തോടെ അത് പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വണ്ടികളുടെ ക്ലീനിംഗുമായി ബന്ധപ്പെട്ട് കുടുംബ ശ്രീയുമായി ചർച്ച നടക്കുന്നുണ്ട്. ജനങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ കെഎസ്ആർടിസി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മകരവിളക്കിനോടനുബന്ധിച്ച് 800 ബസ് വേണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി 1,000 ബസ് ഓപ്പറേറ്റ് ചെയ്യും. നിലവിൽ 60 മിനിറ്റിൽ (മണിക്കൂറിൽ) 100 വണ്ടികൾ ശബരിമലയിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇത് ഗിന്നസ് നേട്ടമായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയെ രക്ഷപ്പെടുത്തിയേ സർക്കാർ അടങ്ങുകയുള്ളൂ. മുഖ്യമന്ത്രിക്ക് പ്രത്യേക നന്ദി, പരിഷ്‌കരണങ്ങൾക്ക് അദ്ദേഹം പൂർണ സ്വതന്ത്ര്യം തന്നു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ പുതിയ ബിസിനസ് ക്ലാസ് ബസുകൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ ആയിരിക്കുമിത്. ബസുകൾ വന്നാൽ ഉടൻ ഓടി തുടങ്ങും. അത്യാധുനിക സൗകര്യങ്ങൾ ബസിൽ ഉണ്ടാകും. ഇലക്ഷൻ പ്രഖ്യാപിച്ചാലും ബസുകൾ ഓടും. വിമാനത്തിൽ ഉള്ളതിനേക്കാൾ സൗകര്യം ബസിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ബസ് സ്റ്റേഷന്റെ രണ്ടാംഘട്ടത്തിനായി ഫണ്ട് അനുവദിച്ചു. പണി ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ മന്ത്രി അഭിനന്ദിച്ചു. മറ്റ് പ്രമുഖർക്ക് കഴിയാത്തത് ഏറ്റവും പ്രായം കുറഞ്ഞ സിഎംഡിയായ അദ്ദേഹത്തിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. പത്തനാപുരത്ത് അല്ലാതെ എവിടെ മത്സരിക്കാൻ, പത്തനാപുരത്തിനെ എനിക്കും പത്തനാപുരംകാർക്ക് എന്നെയും ആവശ്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights: Actor Mohanlal will be the goodwill ambassador of KSRTC says Transport Minister KB Ganesh Kumar