

കൊച്ചി: കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ വിമര്‍ശനം. മേയര്‍ തെരഞ്ഞെടുപ്പിനെതിരെ ദീപ്തി മേരി വര്‍ഗീസാണ് വിമര്‍ശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുത്ത രീതിയെ ആണ് വിമര്‍ശിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് സെന്‍ട്രല്‍ കേരള സോണല്‍ മീറ്റിങ്ങിലാണ് വിമര്‍ശനം ഉന്നയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ് നടപ്പായതെന്ന് കോണ്‍ഗ്രസ് നേതാവ് സക്കീര്‍ ഹുസൈനും വിമര്‍ശിച്ചു. കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്. വി കെ മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക.
22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. പിന്നാലെ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി തന്നെ തഴഞ്ഞതില്‍ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമായിരുന്നു ദീപ്തിയുടെ പ്രതികരണം.
മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോള്‍. ഷൈനി മാത്യൂ ഫോര്‍ട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോള്‍ക്ക് 48 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് വി കെ മിനിമോള്‍ക്ക് ലഭിച്ചു. എല്‍ഡിഎഫിന്റെ അംബിക സുദര്‍ശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോര്‍പ്പറേഷനില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 20, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില.
Content Highlights: Deepti Mary Varghese has raised criticism against the Congress leadership camp and highlighted issues related to the Kochi mayoral election.