'വകതിരിവ് അവനവൻ കാണിക്കണം'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ്കുമാർ

'ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം'

'വകതിരിവ് അവനവൻ കാണിക്കണം'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ്കുമാർ
dot image

തിരുവനന്തപുരം: നിരന്തരം വർഗീയപരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒരാളെയും തിരുത്താനാകില്ല എന്നും വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ് എന്നും ഗണേഷ്‌കുമാർ വിമർശിച്ചു. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്നും ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.

ഒരാളും ഇങ്ങനെയൊന്നും പറയാൻ പാടില്ല എന്നും ഗണേഷ്‌കുമാർ പറഞ്ഞു. ' ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണത്. അദ്ദേഹമിരുന്ന കസേരയിലാണ് ഇരിക്കുന്നത് എന്ന് ഓർമിച്ചാൽ മതി. മറ്റൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്'; എന്ന് ഗണേഷ്‌കുമാർ പറഞ്ഞു.

റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടറായ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിക്കുന്നില്ല എന്ന ആരോപണത്തെ ചോദ്യം ചെയ്തതത് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ് റഹീസിനെ തീവ്രവാദി എന്ന് വിളിക്കാനുണ്ടായ കാരണം. പിന്നാലെ താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വലിയ വിവാദമാണ് വെള്ളാപ്പള്ളിയുടെ ഈ പരാമർശം ഉണ്ടാക്കിയത്. വെള്ളാപ്പള്ളി സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുന്നുവെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടിരുന്നു. വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.

എംഎസ്എഫ്, കോൺഗ്രസ്, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരും വെള്ളാപ്പള്ളിയെ തള്ളി രംഗത്തുവന്നിരുന്നു. പത്രപ്രവര്‍ത്തകരെ അവഹേളിക്കുന്നത് ശരിയല്ല എന്നായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് എന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വെള്ളാപ്പള്ളി സംഘപരിവാറിൻ്റെ നാവ് കടമെടുത്തുവെന്നും എസ്എൻഡിപിയുടെ അമരത്തിരുന്ന് പറയേണ്ട വാക്കുകളല്ല ഇത് എന്നാണ് എംഎസ്എഫ് നേതാവ് പി കെ നവാസ് പ്രതികരിച്ചത്.

Content Highlights: Ganesh Kumar has spoken out against Vellappally following controversial communal remarks. Responding to the issue, Ganesh Kumar said that discrimination is something individuals themselves choose to display

dot image
To advertise here,contact us
dot image