കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരായ പരാതി പിൻവലിക്കും; മലക്കം മറിഞ്ഞ് തോറ്റ സ്ഥാനാർത്ഥി

പരാതി നല്‍കിയത് ചില തല്‍പരകക്ഷികളുടെ സമ്മര്‍ദം മൂലമാണെന്ന് ഹരി കോടിയാട്ട് പറഞ്ഞു

കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരായ പരാതി പിൻവലിക്കും; മലക്കം മറിഞ്ഞ് തോറ്റ സ്ഥാനാർത്ഥി
dot image

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ഡിസിസിക്ക് പരാതി നല്‍കിയ സംഭവത്തില്‍ മലക്കംമറിഞ്ഞ് പരാതിക്കാരന്‍. പരാതി നല്‍കിയത് ചില തല്‍പരകക്ഷികളുടെ സമ്മര്‍ദം മൂലമാണെന്നും നിര്‍ബോധം പരാതി പിന്‍വലിക്കുന്നുവെന്നും പരാതിക്കാരനായ ഹരി കോടിയാട്ട് പറഞ്ഞു. കൊട്ടാരക്കര നഗരസഭയിലേക്ക് മത്സരിച്ച ഒന്‍പതാം വാര്‍ഡായ കുലശേഖരനെല്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹരി കോടിയാട്ടാണ് പരാതി നല്‍കിയതിന് പിന്നാലെ പിന്‍വലിക്കുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും ഹരി നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഗണേഷ് കുമാര്‍ വാര്‍ഡില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയ വിവരം അറിയിച്ചിട്ടും എംപി സജീവമായി ഇടപെട്ടില്ലെന്നും ഹരി ആരോപിച്ചു. കൊട്ടാരക്കരയില്‍ വോട്ട് മറിച്ചുവില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹരി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേരളാ കോണ്‍ഗ്രസ് ബി എതിര്‍ സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ മാത്രം യുഡിഎഫ് വാര്‍ഡില്‍ തോല്‍ക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വാര്‍ഡിലാണ് താന്‍ മത്സരിച്ച് തോറ്റത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും എംപിയുടെ മുന്‍ ജീവനക്കാരന്‍ ഇടപെട്ട് വിലക്കുകയായിരുന്നുവെന്നും ഹരി പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 238 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹരി കോടിയാട്ടിന് ലഭിച്ചത് കേവലം 131 വോട്ടുകള്‍ മാത്രമാണ്.

2015ല്‍ സിപിഐയുടെ എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 248 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് സിപിഐ സ്ഥാനാര്‍ത്ഥിക്ക് 181 വോട്ടാണ് ലഭിച്ചത്. 2020-ല്‍ ആ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് വന്നപ്പോള്‍ അവര്‍ക്ക് 217 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 153 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് 238 ഉം യുഡിഎഫിന് 131 വോട്ടുമാണ് കിട്ടിയത്. എനിക്ക് കിട്ടിയ വോട്ടില്‍ ഭൂരിഭാഗവും എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടിയുറച്ച കോണ്‍ഗ്രസ് വോട്ടുകളും മാത്രമാണ്. കേരളാ കോണ്‍ഗ്രസ് ബി നേതാക്കളുമായി നമ്മുടെ മുതിര്‍ന്ന നേതാക്കള്‍ അന്തര്‍ധാരയുണ്ടാക്കി എന്നാണ് പൊതുജനം പറയുന്നത്. എന്റെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എന്നെ തോല്‍പ്പിക്കാനുളള ശ്രമം നടന്നു. അത് മനസിലാക്കിയിട്ടും നേതാക്കള്‍ മൗനം പാലിച്ചു. അവരുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ഞാന്‍ സംശയിക്കുന്നു' എന്നാണ് ഹരി കോടിയാട്ട് ഡിസിസി പ്രസിഡന്റിന് അയച്ച പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു എന്നാണ് ഹരി കോടിയാട്ട് ഇപ്പോള്‍ പറയുന്നത്.

Content Highlight; In the complaint against Kodikunnil Suresh MP, complainant Hari Kodiyatt has taken a U turn from his earlier stance

dot image
To advertise here,contact us
dot image