

കൊച്ചി: പുനര്‍ജനി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ. നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാണ് വെല്ലുവിളി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. വി ഡി സതീശന്‍ പേടിക്കണമെന്നും ഇവിടുത്തെ കാതലായ പ്രശ്‌നം ജനപ്രതിനിധിയായ സതീശന്‍ വിദേശത്ത് പോയി പണപ്പിരിവ് നടത്തിയോ എന്നതാണെന്നും വി കെ സനോജ് പറയുന്നു.
പിരിവ് നടത്തി എത്ര പണം വന്നു, ഏതെല്ലാം ഇനത്തില്‍ ചിലവഴിക്കപ്പെട്ടു. ഏത് ഏജന്‍സി, ഏത് വര്‍ഷത്തില്‍ ഓഡിറ്റ് ചെയ്തു, ആ പണം ഉപയോഗിച്ച് വീടുകള്‍ വച്ച് നല്‍കിയോ എന്നിവയാണ് ചോദ്യം. അതിന് മറുപടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് 209 വീടുകള്‍ വെച്ച് കൈമാറി എന്നാണ്. ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്തുവിടാന്‍ സതീശനെ വെല്ലുവിളിക്കുന്നുവെന്ന് വി കെ സനോജ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി കെ സനോജിന്റെ വെല്ലുവിളി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയായിരുന്നു. സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമ ലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആറ് മാസം മുൻപ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച ശുപാർശ വിജിലൻസ് കൈമാറിയതായാണ് വിവരം. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് ശുപാർശ നൽകിയത്. തെളിവുകൾ സഹിതമായിരുന്നു വിജിലൻസിന്റെ ശുപാർശ. എന്നാൽ വിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍. പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശൻ പണം അഭ്യർത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്‌സണ്‍ വിജിലൻസിന് പരാതി നൽകിയത്.
Content Highlights: DYFI Challenges VD Satheesan to release list of houses built under punarjani