

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് കൈമാറിയത്.
രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുക. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയായിരുന്നു ജാമ്യം നിഷേധിക്കുന്നത്.
Content Highlights: Complaintant rahul mamkootathil case files complaint against Rahul Easwar