പുനർജനി കേസ്;പത്മരാജൻ പോലും ഇത്ര നാടകീയമായ തിരക്കഥയെഴുതില്ല,ഇതിനും ചേർത്ത് കേരളം മറുപടി നൽകും: അബിന്‍ വര്‍ക്കി

സോളാര്‍ കേസിലും ഇങ്ങനെ ചില തിരക്കഥകള്‍ കേരളം കണ്ടതാണെന്നും ഇതുപോലുളള നമ്പറുകളൊക്കെ കയ്യില്‍ വച്ചാല്‍ മതിയെന്നും അബിൻ പറഞ്ഞു

പുനർജനി കേസ്;പത്മരാജൻ പോലും ഇത്ര നാടകീയമായ തിരക്കഥയെഴുതില്ല,ഇതിനും ചേർത്ത് കേരളം മറുപടി നൽകും: അബിന്‍ വര്‍ക്കി
dot image

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അബിൻ വർക്കി. അഞ്ച് വര്‍ഷമായി അന്വേഷണം നടക്കുന്ന കേസില്‍ വിജിലന്‍സിന് വി ഡി സതീശനെതിരെ റിപ്പോര്‍ട്ട് കൊടുക്കാന്‍ തോന്നിയത് 2026 ജനുവരിയിലാണെന്നും ഇനി അവര്‍ പോരാ സിബിഐ വേണം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തലെന്നും അബിന്‍ വര്‍ക്കി പറയുന്നു. പത്മരാജന്‍ പോലും ഇത്ര നാടകീയമായ തിരക്കഥകള്‍ എഴുതില്ലെന്നും സോളാര്‍ കേസിലും ഇങ്ങനെ ചില തിരക്കഥകള്‍ കേരളം കണ്ടതാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഇതുപോലുളള നമ്പറുകളൊക്കെ കയ്യില്‍ വച്ചാല്‍ മതിയെന്നും കേരളം ഇതിനും കൂടി ചേര്‍ത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുപടി തരുതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

വി ഡി സതീശൻ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് പറയുന്നു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആറ് മാസം മുൻപ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച ശുപാർശ വിജിലൻസ് കൈമാറിയതായാണ് വിവരം. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് ശുപാർശ നൽകിയത്. തെളിവുകൾ സഹിതമായിരുന്നു വിജിലൻസിന്റെ ശുപാർശ. എന്നാൽ വിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല.

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍. പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശൻ പണം അഭ്യർത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്‌സണ്‍ വിജിലൻസിന് പരാതി നൽകിയത്.

Content Highlights: Abin Varkey Supports VD Satheesan on Punarjani Case Vigilence suggest cbi probe

dot image
To advertise here,contact us
dot image