'ആ മിടുക്കിന്‍റെ പേരാണ് മഞ്ജു വാര്യർ; എളുപ്പമായിരുന്നില്ല വളർച്ചയുടെ വഴികൾ, പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകം'

'കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ.'

'ആ മിടുക്കിന്‍റെ പേരാണ് മഞ്ജു വാര്യർ; എളുപ്പമായിരുന്നില്ല വളർച്ചയുടെ വഴികൾ, പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകം'
dot image

ധനുഷ്കോടിയിലേക്ക് നീണ്ടുകിടക്കുന്ന പാതയിലൂടെ ചെറുമഴയത്ത് ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന മഞ്ജു വാര്യറുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. അഡ്വഞ്ചർ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആർ1250ജിഎസ് ബൈക്കില്‍ ഇരുന്നും നിന്നുമൊക്കെയായിരുന്നു താരത്തിന്‍റെ യാത്ര. ഇത് ആദ്യമായല്ല മഞ്ജുവാര്യർ അഡ്വഞ്ചർ ബൈക്കുകളില്‍ യാത്ര ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

കാറില്‍ നിന്നും പകർത്തിയ ദൃശ്യങ്ങള്‍ വളരെ വേഗത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍‌ വൈറലായി. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ താരത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്നു. കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്. 'ഇപ്പോൾ ജീവിതത്തിൽ ഉള്ളതൊക്കെയും നന്ദിയോടെ സ്വീകരിക്കുന്നു. ഇനി വരാനിരിക്കുന്ന എല്ലാത്തിനെയും പ്രതീക്ഷയോടെയും നന്ദിയോടെയും കാത്തിരിക്കുന്നു.' എന്ന അടിക്കുറിപ്പോടെയായിരുന്നു മഞ്ജു വാര്യർ വീഡിയോ പങ്കുവെച്ചത്.

ഇപ്പോഴിതാ മഞ്ജു വാര്യറെ പ്രശംസിച്ചുകൊണ്ട് സാഹിത്യകാരി എസ് ശാരദകുട്ടിയും മുന്നോട്ട് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ നടിയെ അഭിനന്ദിച്ചിരിക്കുന്നത്. 'കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ.' എന്നാണ് അവർ കുറിച്ചത്.

ശാരദക്കുട്ടിയുടെ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ. കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ.

കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യർ . അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും big Salute - കുറിപ്പ് അവസാനിക്കുന്നു.

ശാരദകുട്ടിയുടെ കുറിപ്പിന് താഴെയുള്ള കമന്റുകളിലും മഞ്ജുവാര്യർക്കുള്ള അഭിനന്ദനം നിറയുകയാണ്. 'അവനെ പോലെ അനാവശ്യമായ സംസാരങ്ങൾ കൊണ്ടോ
പത്രക്കാർക്ക് മുമ്പിലും സോഷ്യൽ മീഡിയയിലൂടെയും വന്ന് വെല്ലുവിളിച്ച് കൊണ്ടോ നേടിയെടുത്തതല്ല ഈ ജന പിന്തുണയും സ്നേഹവും. ടീച്ചറ് പറഞ്ഞത് പോലെ പ്രതികൂലസാഹചര്യങ്ങൾ പോലും കരുത്താക്കി ജീവിച്ച് തെളിയിച്ചു നേടിയത് തന്നെയാണ് മഞ്ജുവിന് ഈ തെളിച്ചവും തിളക്കവും' എന്നാണ് ജയകൃഷ്ണന്‍ എന്നയാള്‍ കുറിച്ചത്.

Content Highlights: S Sharadakutty praised actor Manju Warrier, stating that she stands as a role model for girls

dot image
To advertise here,contact us
dot image