പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

'വിളിച്ചപ്പോൾ പോയതാണ് എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അങ്ങനെ വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം'

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങൾ ഉയർത്തുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഹൈക്കോടതി നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ അവരുടെ ചുമതല നിർവഹിക്കുന്നുണ്ട് എന്നും പരാതികൾ ഉയർന്നുവന്നിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ചിത്രമെടുത്തിരുന്ന അടൂർ പ്രകാശിനെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയയുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. പോറ്റിയെ കേറ്റിയെ എന്ന് പറഞ്ഞില്ലേ, ആ പോറ്റി ആദ്യം കയറിയത് സോണിയയുടെ ഓഫീസിലാണ്. ഒപ്പം ശബരിമലയിലെ സ്വർണം വാങ്ങിയ വ്യാപാരിയും ഉണ്ടായിരുന്നു. വിളിച്ചപ്പോൾ പോയതാണ് എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അങ്ങനെ വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം എന്നും മുഖ്യമന്ത്രി ചോദിച്ചു. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയുടെ അടുത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞത് എന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ഉടൻ എസ്ഐടി ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരായുകയാണ് ലക്ഷ്യം. സോണിയാഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. നേരത്തെ ചോദ്യം ചെയ്തു എന്നുള്ള വാർത്തകൾ അടൂർ പ്രകാശ് നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഉണ്ടാക്കിയ പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത് എന്നും എസ്‌ഐടിയുടെ മുന്നില്‍ പോകുന്നതിന് മുമ്പ് അറിയിക്കും എന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ ആദ്യമായി കണ്ടതെന്നാണ് അടൂര്‍ പ്രകാശ് ഇന്നലെ പ്രതികരിച്ചത്. സോണിയാ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം നിലയില്‍ അനുമതി നേടിയെന്നും ഒപ്പം വരാന്‍ പിന്നീട് തന്നോട് ആവശ്യപ്പെട്ടുവെന്നുമാണ് വാദം. കാട്ടുകള്ളനൊപ്പമാണ് പോയതെന്ന് മനസ്സിലാക്കാനായില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി വീണ്ടും വിളിപ്പിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോയെന്നാവും എസ്‌ഐടി പരിശോധിക്കുക. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത ശേഷമായിരിക്കും കടകംപള്ളിയെ വിളിപ്പിക്കുക എന്നാണ് വിവരം.

Content Highlights: Pinarayi Vijayan Press Meet; on sonia gandhi potty meet, against vd satheesan

dot image
To advertise here,contact us
dot image