ആർത്തവ അവധി ഒരു കുട്ടിയെയും മാറ്റിനിർത്തുന്ന പ്രഖ്യാപനമല്ല; സമൂഹം പോസിറ്റീവായി സ്വീകരിക്കും: മന്ത്രി KA തുളസി

സമൂഹത്തില്‍ ആര്‍ത്തവ അവധിയെക്കുറിച്ച് വിവാദമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി

ആർത്തവ അവധി ഒരു കുട്ടിയെയും മാറ്റിനിർത്തുന്ന പ്രഖ്യാപനമല്ല; സമൂഹം പോസിറ്റീവായി സ്വീകരിക്കും: മന്ത്രി KA തുളസി
dot image

പാലക്കാട്: ആര്‍ത്തവാവധി പ്രഖ്യാപനത്തില്‍ അപാകതകള്‍ ഇല്ലെന്ന് മന്ത്രി കെ എ തുളസി. ഒരു കുട്ടിയെയും മാറ്റിനിര്‍ത്തുകയല്ല, ആവശ്യമുള്ളവര്‍ക്ക് അവധിയെടുക്കാമെന്നാണ് പ്രഖ്യാപനമെന്ന് തുളസി പറഞ്ഞു. ആര്‍ത്തവ അവധി സമൂഹം പോസിറ്റീവായി സ്വീകരിക്കും. സമൂഹത്തില്‍ ആര്‍ത്തവ അവധിയെക്കുറിച്ച് വിവാദമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ഒന്നാം നയപ്രഖ്യാപനത്തിലായിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. പിന്നാലെ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നയമാണ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ഉണ്ടാകും. പുതിയ തലമുറക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധ്യമുണ്ട്. പരിഹസിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടെണ്ടതോ ആയ കാര്യമല്ല ആര്‍ത്തവമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ആര്‍ത്തവ അവധി നല്‍കാനുള്ള സര്‍ക്കാരിന്റെ നിലപാട് ഉചിതമെന്ന് ഫാത്തിമ തഹിലിയ എംഎല്‍എയും പ്രതികരിച്ചു. പല രാജ്യങ്ങളിലും സമാനമായ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. പല വിദ്യാര്‍ത്ഥിനികളും സമ്മര്‍ദ്ദവും മൂഡ്‌സിങ്‌സ് അടക്കമുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അത്തരം കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. അവധി നിര്‍ബന്ധിതമല്ലെന്നും ആണ്‍കുട്ടികളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

എന്നാല്‍ ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നുമാണ് എംഎല്‍എ ഉമാ തോമസിന്റെ അഭിപ്രായം. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു.

വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയും രംഗത്തെത്തി. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതില്‍ സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Minister K A Thulasi about Menstrual leave controversies

dot image
To advertise here,contact us
dot image