കണ്ണൂർ എഡിഷൻ ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ്; പ്രിന്റിംഗിനിടെയുള്ള അബദ്ധമെന്ന് സൂചന

സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് രംഗത്തെത്തി

കണ്ണൂർ എഡിഷൻ ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ്; പ്രിന്റിംഗിനിടെയുള്ള അബദ്ധമെന്ന് സൂചന
dot image

കണ്ണൂര്‍: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് അച്ചടിച്ചത് ഇന്നത്തെ കണ്ണൂര്‍ എഡിഷന്‍ ബിജെപിയുടെ മുഖപത്രം ജന്മഭൂമിയില്‍. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെയും എം കെ മുനീറിന്റെയും ലേഖനം ഉള്‍പ്പെടെയുള്ള എഡിറ്റോറിയല്‍ പേജ് ആണ് ജന്മഭൂമിയില്‍ അച്ചടിച്ചുവന്നത്. 'അലകും പിടിയും ഇടതുമുന്നണി' എന്ന തലക്കെട്ടിലുള്ള ചന്ദ്രികയുടെ എഡിറ്റോറിയലും ജന്മഭൂമിയിൽ അച്ചടിച്ചു വന്നു. പ്രിന്റിംഗിനിടെ പറ്റിയ അബദ്ധമെന്നാണ് സൂചന.

സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് രംഗത്തെത്തി. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതമെന്നും ഇതിനെയാണ് അന്തര്‍ധാരയെന്ന് പറയുന്നതെന്നും പി എം മനോജ് പരിഹസിച്ചു. പേജ് പങ്കുവെച്ച് ഫേസ്ബുക്കിലാണ് പരിഹാസം

കുറിപ്പ് ഇങ്ങനെ-

അബദ്ധങ്ങള്‍ സ്വാഭാവികമാണ്. ഒരേ പ്രസ്സില്‍ നിന്ന് രണ്ടു പത്രം അച്ചടിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അബദ്ധം പറ്റി പരസ്പരം പേജുകള്‍ മാറിപ്പോകുന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ പേജ് ചന്ദ്രികയുടേതാണ്. ബാക്കി എല്ലാ പേജും ജന്മഭൂമിയുടേതും. ഒരു അബദ്ധം എന്ന് പറഞ്ഞ് അതിനെ സാധൂകരിക്കാന്‍ ഇരു പത്രങ്ങള്‍ക്കും പറ്റും. അത് അവര്‍ ചെയ്യട്ടെ. അതല്ല ഞാന്‍ പറയുന്നത്. ചന്ദ്രിക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ മുഖപത്രമാണ്.
ജന്മഭൂമി ബിജെപിയുടേതും. ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ചു വരിക. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതം. അതായത് ചന്ദ്രികയുടെ എഡിറ്റോറിയല്‍ പോളിസി ബിജെപിക്ക് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണ് എന്നര്‍ത്ഥം!
ഇതിനെയല്ലേ അന്തര്‍ധാര, അന്തര്‍ധാര എന്ന് പറയുന്നത്?

Content Highlights: Chandrika's editorial page in the Kannur edition of Janmabhoomi News Paper

dot image
To advertise here,contact us
dot image