

യുഎഇയിൽ ഇനി വേനൽച്ചൂട് കടുക്കും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രാജ്യത്ത് ചൂടും അന്തരീക്ഷ ഈർപ്പവും പൊടിക്കാറ്റും വർദ്ധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തവണ ജൂൺ 21-നായിരിക്കും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുക.
യുഎഇ ഉൾപ്പെടുന്ന അറേബ്യൻ മേഖലയിൽ ജൂൺ മുതൽ ഓഗസ്റ്റ് അവസാനം വരെ കടുത്ത ചൂടായിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. അഞ്ച് പ്രധാന വായുപ്രവാഹങ്ങളാണ് ഇത്തവണത്തെ വേനലിനെ സ്വാധീനിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ ന്യൂനമർദ്ദം ശക്തമാകുന്നതോടെ രാജ്യത്ത് വരണ്ട കാലാവസ്ഥയും കടുത്ത ഉഷ്ണവും അനുഭവപ്പെടും.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കടലിൽ നിന്നുള്ള വായുപ്രവാഹം കാരണം തീരദേശ നഗരങ്ങളിൽ അന്തരീക്ഷ ഈർപ്പം കുത്തനെ ഉയരും. ഇതേസമയം മരുഭൂമിയിൽ നിന്നുണ്ടാകുന്ന ഉഷ്ണതരംഗം കാരണം ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. എന്നാൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഒമാൻ അതിർത്തിയോട് ചേർന്ന ഹജർ മലനിരകളിൽ ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ജൂൺ 21-നായിരിക്കും യുഎഇയിൽ ഈ വർഷത്തെ ഏറ്റവും നീളമേറിയ പകൽ ഉണ്ടാകുക. അന്ന് പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 40 മിനിറ്റും കടക്കും. ജൂൺ മാസത്തിൽ താപനില 42 ഡിഗ്രി വരെയായിരിക്കുമെങ്കിൽ, ജൂലൈ ആകുന്നതോടെ ഇത് 43 ഡിഗ്രിക്ക് മുകളിലെത്തും. ഈ സമയങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പം 90 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, സാധാരണയേക്കാൾ കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക.
Content Highlights: The UAE has warned of intensifying summer temperatures as the longest day of the year approaches next month. Authorities advise residents to take precautions against extreme heat.