'എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സർക്കാരും'; ഗർഭിണിയെ മുഖത്തടിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്ന് വി ഡി സതീശന്‍

'എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സർക്കാരും'; ഗർഭിണിയെ മുഖത്തടിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
dot image

കൊച്ചി: ഗര്‍ഭിണിയെ മുഖത്തടിക്കുന്ന സിഐയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളം നടന്നിട്ടുണ്ടെന്ന് വേണം കരുതാന്‍. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഐഎമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

'പിണറായി വിജയന്‍ എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒമ്പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ നിങ്ങളുടെ പൊലീസ് ക്രൂരമായി ആക്രമിക്കുന്നത്', വി ഡി സതീശന്‍ പറഞ്ഞു.

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ടി പി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടുംക്രിമിനലായ കൊടി സുനി ഉള്‍പ്പെടെയുള്ള ക്രിമിനലുകളില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഡിഐജി പ്രവര്‍ത്തിക്കുന്നതും ഇതേ പിണറായി വിജയന്‍ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ എത്തിയ ഗര്‍ഭിണിയായ ഭാര്യയെയാണ് സിഐ പ്രതാപചന്ദ്രന്‍ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തത്. ഷൈമോള്‍ എന്ന യുവതിക്കാണ് 2024 ജൂണ്‍ 20ന് മര്‍ദനമേറ്റത്. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലുകളിലൂടെ പരാതിക്കാരിക്ക് ലഭിച്ച ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവരികയായിരുന്നു. ഇതില്‍ സിഐ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമാണ്.

Content Highlights: V D Satheesan againt CM in CI attack against pregnant lady

dot image
To advertise here,contact us
dot image