'ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം'; പ്രതികരിച്ച് നടി പാർവതി തിരുവോത്ത്

'എന്നും അവൾക്കൊപ്പമാണെന്നും' നടി പോസ്റ്റില്‍ പറയുന്നു

'ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം'; പ്രതികരിച്ച് നടി പാർവതി തിരുവോത്ത്
dot image

നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്കൊപ്പമാണെന്ന് നടി റിമാ കല്ലിങ്കലടക്കമുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

"എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം' എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. 'ദെെവമുണ്ടെങ്കില്‍, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കില്‍ നാളെ അത് തെളിയിക്കപ്പെടും' എന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍വതി കുറിച്ചത്.

ദിലീപിന്റെ പ്രതികരണം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാറും അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ നികേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിനും അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, 'സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്.' എന്നായിരുന്നു വിധി കേട്ട് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ദിലീപിന്റെ പ്രതികരണം. കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസ് സംഘവും ചേര്‍ന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേര്‍ത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ദിലീപ് പറഞ്ഞു.

Parvathy Thiruvothu's instagram story
Screen Shot Of Parvathy's insta story

വിചാരണക്കോടതി വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്നും മേല്‍ക്കോടതികളില്‍ പോയി പോരാടുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസും പറഞ്ഞു. ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും ബി സന്ധ്യ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു സന്ധ്യയുടെ പ്രതികരണം.

ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

Content Highlights: Parvathy Thiruvothu instagram story after verdict on Actress attack case is out

dot image
To advertise here,contact us
dot image