'തുടക്കം മഞ്ജുവാര്യറില്‍ നിന്ന്': വിധികേട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മഞ്ജുവാര്യർക്കെതിരെ ദിലീപ്

മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ വിമർശനവുമായി ദിലീപ്.

'തുടക്കം മഞ്ജുവാര്യറില്‍ നിന്ന്': വിധികേട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മഞ്ജുവാര്യർക്കെതിരെ ദിലീപ്
dot image

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വെറുതെവിട്ടതിന് പിന്നാലെ മുന്‍ ഭാര്യ മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ വിമർശനവുമായി ദിലീപ്. 'സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്.' എന്നായിരുന്നു വിധി കേട്ട് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ദിലീപിന്‍റെ പ്രതികരണം.

കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ദിലീപ് പറഞ്ഞു.

പൊലീസ് സംഘം ഉണ്ടാക്കിയ എല്ലാ കള്ളക്കഥകളും കോടതിയില്‍ തകർന്ന് വീണെന്നും ദിലീപ് അവകാശപ്പെട്ടു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നു. തന്‍റെ ജീവിതവും കരിയറുമൊക്കെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തത്. തന്നെ പിന്തുണച്ചവർക്കും കോടതിയില്‍ തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഗൂഡാലോചനക്കുറ്റം തെളിയിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു നടന്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനി ഉള്‍പ്പെടേയുള്ള ഒന്നുമുതല്‍ ആറ് വരേയുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസ്

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈം​ഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്.

വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.

2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിൻ്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.

ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. പൾസർ സുനി, മാർട്ടിൻ ആൻറണി, വിജിഷ്, മണികണ്ഠൻ, പ്രദീപ് കുമാർ, സലീം, വിഷ്ണു, ദിലീപ്, സുരാജ്, അപ്പു എന്നിവരായിരുന്നു കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

dot image
To advertise here,contact us
dot image