നിയമനടപടികള്‍ തുടരും: തീര്‍ന്നില്ല, ദിലീപിനെ ഇനിയും കാത്തിരിക്കുന്ന കോടതിവഴികള്‍

വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും

നിയമനടപടികള്‍ തുടരും: തീര്‍ന്നില്ല, ദിലീപിനെ ഇനിയും കാത്തിരിക്കുന്ന കോടതിവഴികള്‍
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികളിനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.

'ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട് വിചാരണാവേളയില്‍. അതുകൊണ്ടുതന്നെ മേല്‍ക്കോടതികളില്‍ നീതിക്കായി അന്വേഷണസംഘവും പ്രോസിക്യൂഷനും പോരാടുമെന്ന് കരുതുന്നു… അന്തിമവിധി ആയിട്ടില്ലല്ലോ നമുക്ക് കാത്തിരിക്കാം': ബി സന്ധ്യ പറഞ്ഞു.

അതേസമയം, സർക്കാർ എന്നും അതിജീവിതക്കൊപ്പമുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും. ഈ സർക്കാർ നൽകുന്ന ഉറപ്പാണതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

Content Highlights: Dileep Actress Case prosecution moves highcourt against dileeps acquittal

dot image
To advertise here,contact us
dot image