കോടതിവിധി തൃപ്തികരമല്ല; കേസ് വാദിച്ചു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു ; സണ്ണി ജോസഫ്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ കോൺ​ഗ്രസ് നേതാക്കൾ

കോടതിവിധി തൃപ്തികരമല്ല; കേസ് വാദിച്ചു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു ; സണ്ണി ജോസഫ്
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ കോൺ​ഗ്രസ് നേതാക്കൾ. കോടതിവിധി തൃപ്തികരമല്ലയെന്നും കേസ് വാദിച്ചു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.

ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി പ്രസിഡൻ്റിൻ്റെ ആരോപണം ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രൊസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

അതേസമയം ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്നും പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്ന് മന്ത്രി രാജീവ് പറഞ്ഞു.

ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി രാജീവ് ചോദിച്ചു. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണസംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. വിധിപകർപ്പ് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാവുവെന്നും പി രാജീവ് വ്യക്തമാക്കി.

Content Highlight : Dileep Actress Case: Congress leaders against prosecution

dot image
To advertise here,contact us
dot image