'ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്, മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം':എം വി നികേഷ് കുമാർ

അതിജീവിതയ്ക്കും സര്‍ക്കാരിനും നേരത്തെയും വിചാരണക്കോടതിയില്‍ നിന്നും നീതി കിട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ എം വി നികേഷ് കുമാര്‍ പറഞ്ഞു.

'ദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്, മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം':എം വി നികേഷ് കുമാർ
dot image

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന പറഞ്ഞിടത്താണ് തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചതെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും കുറച്ച് ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്ന് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം.

എന്നാല്‍ ദിലീപിന്റെ പ്രതികരണം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെന്ന് പറയുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍. കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ നികേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിനും അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

'വളരെ ശ്രദ്ധാപൂര്‍വ്വം നേരത്തെ തന്നെ തയ്യാറാക്കിയ പ്രതികരണമാണ് ദിലീപ് വിധിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കാരണം ഈ കേസില്‍ നിന്ന് മോചിതനാകുമെന്ന് ദിലീപിന് വ്യക്തതയുണ്ടായിരുന്നു. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ അതിജീവിത ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ പെട്ടെന്നൊരു പ്രതികരണത്തിലേക്ക് പോകാത്തത് എന്ന് വേണം കരുതാന്‍.

ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല. ഈ കേസില്‍ ആദ്യമായിട്ടില്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസില്‍ നിന്നും രാജിവെച്ച് പോയത് നമ്മള്‍ ഓര്‍മിക്കണം. കോടതി മാറ്റണമെന്ന് രണ്ട് തവണ അതിജീവിത മേല്‍ക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

ഈ കേസിന്റെ വിചാരണ ഘട്ടത്തില്‍ സംഭവിച്ച ഏറ്റവും വലിയ അനീതിയുണ്ട്. മൂന്ന് കോടതികളില്‍ വെച്ച് മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആ മൂന്ന് തവണ ദുരുപയോഗിക്കപ്പെട്ടത് എങ്ങനെയാണ് വിചാരണയെ ബാധിച്ചത് എന്ന് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. വിചാരണ കോടതിയില്‍ നിന്നും ഇക്കാര്യത്തില്‍ നീതി ലഭിച്ചില്ല.

ഇപ്പോള്‍ എട്ടാം പ്രതി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതോടെ ഏറ്റവും കടുപ്പമേറിയ ഇന്നിംഗ്‌സ് അവസാനിച്ചു എന്ന് മാത്രമേയുള്ളു. നീതിന്യായ വ്യവസ്ഥ ഇവിടെ അവസാനിക്കുന്നില്ല. ജൂഡീഷ്യറിയുടെ അവസാന വാക്കല്ല വിചാരണകോടതി. ഇനിയും കോടതികളുണ്ട്. വിചാരണകോടതി എന്ന തടസം മാറിക്കിട്ടി എന്നേയുള്ളു,' എം വി നികേഷ് കുമാര്‍ പ്രതികരിച്ചു.

ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

Content Highlights: Dileep Actress Case Verdict: M V Nikesh Kumar about Dileep's reply after verdict

dot image
To advertise here,contact us
dot image