

കുവൈത്തിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ 1603 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഈ വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെയുള്ള കാലയളവിൽ പിടിയിലായവരെയാണ് നാടുകടത്തിയത്. ഈ കാലയളവിൽ 2,858 കേസുകളിലായി 3,632 പേരെയാണ് അറസ്റ്റ് ചെയ്തത്.
വിവിധ ഓപ്പറേഷനുകളിലായി 2.82 ടൺ ലഹരിമരുന്നും ഒരു കോടി ലഹരി ഗുളികകളുമാണ് പരിശോധയിൽ പിടിച്ചെടുത്തത്. രാജ്യത്ത് ലഹരിയുടെ വ്യാപനം തടയുന്നതിനായി നിയമം ഭേദഗതി ചെയ്ത് ശിക്ഷാ നടപടികൾ കടുപ്പിക്കുകയാണ് ഭരണകൂടം. ലഹരിമരുന്ന് ഇടപാടുകാർക്ക് വധശിക്ഷയും ഒരു ലക്ഷം മുതൽ 20 ലക്ഷം ദിനാർ വരെ പിഴയും നൽകുന്ന പുതിയ നിയമം ഈ മാസം 15-ന് നിലവിൽ വരും.
ലഹരി ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്നവർക്കും ഇടനിലക്കാർക്കും സമാനമായ കടുത്ത ശിക്ഷ ലഭിക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചെറിയ കേസുകളിൽ പോലും വലിയ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Conent Highlights: Kuwait deports 1,603 people arrested in drug cases