അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കണം; ​​വിധിക്ക് മുന്നേ ഗൂഢാലോചനയിലെ പ്രധാന തെളിവ് ചോദ്യം ചെയ്ത് ഹർജി: ദുരൂഹം?

ഗൂഢാലോചനക്കുറ്റത്തിലെ നിർണ്ണായക കണ്ടെത്തലായ ഒരുവിഷയത്തിൽ കേസിൻ്റെ വിധി വരുന്നതിന് മുമ്പായി തന്നെ ഒന്നാം പ്രതിയുടെ അമ്മ ഹർജിയുമായി എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്

അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കണം; ​​വിധിക്ക് മുന്നേ ഗൂഢാലോചനയിലെ പ്രധാന തെളിവ് ചോദ്യം ചെയ്ത് ഹർജി: ദുരൂഹം?
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ വിധിപ്രസ്താവം വരുന്നതിന് മുമ്പായി പൾസ‍ർ സുനിയുടെ അമ്മ നൽകിയ ഹർജി ചർച്ചയാകുന്നു. കേസിൽ ​ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട പശ്ചാത്തലത്തിലാണ് വിധി പ്രസ്താവനത്തിന് മുമ്പായി തന്നെ പൾസർ സുനിയുടെ അമ്മ നൽകിയ ഹർജി ചർച്ചയാകുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൾസർ സുനിയുടെ അമ്മ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.

പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ച ​ഗൂഢാലോചന കുറ്റത്തിലെ പ്രധാന തെളിവായിരുന്നു ഈ ബാങ്ക് അക്കൗണ്ട്. ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത് എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ​ഗൂഢാലോചനക്കുറ്റത്തിലെ നിർണ്ണായക കണ്ടെത്തലായ ഒരുവിഷയത്തിൽ കേസിൻ്റെ വിധി വരുന്നതിന് മുമ്പായി തന്നെ ഒന്നാം പ്രതിയുടെ അമ്മ ഹർജിയുമായി എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇതിനിടെ ദിലീപിന്റെ പ്രതികരണം മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ എം വി നികേഷ് കുമാർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. ​ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെയായിരുന്നു എം വി നികേഷ് കുമാറിൻ്റെ പ്രതികരണം. കേസിൽ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാണെന്നും റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ നികേഷ് കുമാർ പറഞ്ഞു. സർക്കാരിനും അതിജീവിതയ്ക്കും നേരത്തെയും വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും നികേഷ് കുമാർ അഭിപ്രായപ്പെട്ടു.

'വളരെ ശ്രദ്ധാപൂർവ്വം നേരത്തെ തന്നെ തയ്യാറാക്കിയ പ്രതികരണമാണ് ദിലീപ് വിധിക്ക് ശേഷം മാധ്യമങ്ങൾക്ക് നൽകിയത്. കാരണം ഈ കേസിൽ നിന്ന് മോചിതനാകുമെന്ന് ദിലീപിന് വ്യക്തതയുണ്ടായിരുന്നു. എന്നാൽ, നീതിന്യായ വ്യവസ്ഥയിൽ അതിജീവിത ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ പെട്ടെന്നൊരു പ്രതികരണത്തിലേക്ക് പോകാത്തത് എന്ന് വേണം കരുതാൻ. ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല. ഈ കേസിൽ ആദ്യമായിട്ടില്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ രണ്ട് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഈ കേസിൽ നിന്നും രാജിവെച്ച് പോയത് നമ്മൾ ഓർമിക്കണം. കോടതി മാറ്റണമെന്ന് രണ്ട് തവണ അതിജീവിത മേൽക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നും നികേഷ് കുമാർ ചൂണ്ടിക്കാണിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി പറഞ്ഞു. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവർക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഡിസംബർ 12ന് ആരംഭിക്കും. കേസിൽ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളെല്ലാം കോടതിയിൽ എത്തിയിരുന്നു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

Content Highlights: Dileep Case Verdict: Petition questions key evidence in conspiracy before verdict

dot image
To advertise here,contact us
dot image