രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുക അടച്ചിട്ട മുറിയില്‍

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് വാദം അടച്ചിട്ട മുറിയില്‍ കേൾക്കുന്നത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുക അടച്ചിട്ട മുറിയില്‍
dot image

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ വാദം കേള്‍ക്കുക അടച്ചിട്ട മുറിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വാദം അടച്ചിട്ട മുറിയില്‍ നടക്കുക. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണിത്. അവസാന കേസായാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കും. കേസില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു. രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ. അറസ്റ്റ് ചെയ്തില്ലെങ്കിലും നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്‌ഐടിയുടെ നീക്കം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും. ക്രൈം ബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗളൂരുവിലേക്ക് പോകും. ആദ്യ സംഘത്തോട് തിരികെയെത്താനും നിർദേശം നൽകും.

വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില്‍ ഫെനി നൈനാനും പ്രതിയാണ്.

Content Highlights: Second case against Rahul Mamkoottathil: Hearing on anticipatory bail plea in closed room

dot image
To advertise here,contact us
dot image