വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു,സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ; ജിൻസൺ

എന്ത് ഭീഷണിയുണ്ടായാലും മരണം വരെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു

വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു,സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ; ജിൻസൺ
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ. കോടതിവിധിയിൽ അതിശയമില്ലയെന്നും മറിച്ചു വിധി ഉണ്ടായാൽ നല്ലത് എന്നാണ് കരുതിയിരുന്നതെന്നും ജിൻസൺ റിപ്പോർട്ടറിനോട് പറഞ്ഞു. കോടതിയിൽ മൊഴി നൽകുമ്പോൾ അപമാനിക്കുന്ന സാഹചര്യം ഉണ്ടായിയെന്നും സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു. കോടതി വിധി പറഞ്ഞതിൽ കടന്നാക്രമണം നടത്തുന്നത് ശരിയല്ലാത്തത് കൊണ്ട് സംയമനം പാലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താനടക്കമുള്ളവർ ഗൂഢാലോചന നടത്തിയന്ന ദിലീപിന്റെ ആരോപണം തെളിയിക്കട്ടെ. ദിലീപിനെ വെല്ലുവിളിക്കുന്നുവെന്നും ജിൻസൺ വ്യക്തമാക്കി. ഗൂഢാലോചന ഈ കോടതിയിൽ തെളിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. പക്ഷെ മറ്റ് കോടതികളിൽ തെളിയിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും. തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. ഉയർന്ന കോടതികളിലും മൊഴി നൽകും. എന്ത് ഭീഷണിയുണ്ടായാലും മരണം വരെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന് വില ഇല്ലാതെ വരുമ്പോൾ എന്തിനാണ് വിളിച്ച് പറയുന്നത് എന്ന് തോന്നുമെന്നും ജിൻസൺ റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈം​ഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്.

വിവരമറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

2017 ജൂൺ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർ‌ഷയെയും പൊലീസ് ചോ​ദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽവെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറൽ ബോഡി യോ​ഗത്തിൽ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതിൻ്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. പൾസർ സുനി, മാർട്ടിൻ ആൻറണി, വിജിഷ്, മണികണ്ഠൻ, പ്രദീപ് കുമാർ, സലീം, വിഷ്ണു, ദിലീപ്, സുരാജ്, അപ്പു എന്നിവരായിരുന്നു കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ നടിയെ ആക്രമിച്ച് കേസിൻ്റെ വിചാരണ ആരംഭിച്ചു. കേസിൽ വിചാരണ പുരോ​ഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികൾ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേൽക്കോടതികളെ അടക്കം നിരന്തരം സമീപിക്കുന്ന സാഹചര്യവുമുണ്ടായി.

ഇതിനിടയിലാണ് 2021 ഡിസംബർ 25 സംവിധായകൻ ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടറിലൂടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നത്. നടൻ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര'ത്തിൽവെച്ച് അന്വേഷണ‌ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന്‌ ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. പൾസർ‌ സുനി ദിലീപിൻ്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകർത്തിയ പീഢനദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകി.

പിന്നാലെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള തുടരന്വേഷണത്തെ എതിർത്ത് ദിലീപ് രം​ഗത്തെത്തി. നീക്കത്തെ എതിർ‌ത്ത് ദിലീപ് ഡിജിപിക്ക് പരാതി നൽകി. എന്നാൽ 2022 ജനുവരി നാലിന് കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി. തുടർന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 2022 ജനുവരി 23ന് ദിലീപിനെ 33 മണിക്കൂർ ചോദ്യം ചെയ്തു. പിന്നാലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ദിലീപിനെയും കൂട്ടുപ്രതികളെയും അന്വേഷണസംഘം ബാലചന്ദ്രകുമാറിൻ്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിരുന്നു.

നടി കാവ്യാ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയയാക്കി. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ, കോടതിയിൽ സമർപ്പിച്ചിരുന്ന മെമ്മറി കാർഡ് അനുമതിയില്ലാതെ തുറന്ന് പരിശോധിച്ചുവെന്ന പരാതിയും തു‌ടർനടപടികളും കേസിനെ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാക്കി. മെമ്മറി കാർഡ് അനുമതിയില്ലാതെ തുറന്നുവെന്ന വിഷയത്തിൽ നിർണ്ണായകമായ നിരവധി തെളിവുകൾ റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു.

ഇതിനിടെ കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 2024 സെപ്റ്റംബർ‌ 17ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബർ 24ന് കേസിൻ്റെ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചു. നീണ്ടുപേയ വിചാരണയിൽ 2024 ഡിസംബർ 11ന് കോടതിയിൽ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രിൽ ഒൻപതിന് പ്രതിഭാഗത്തിൻറെ വാദം പൂർത്തിയായി. 2025 ഏപ്രിൽ 11നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.

Content Highlight : There was concern about the verdict from the very beginning, the system in court was worthless for the witness; Jinson

dot image
To advertise here,contact us
dot image