'നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർട്ടിയും അതിജീവിതയ്‌ക്കൊപ്പം'

അതിജീവിതയുടെ പോരാട്ടത്തില്‍ എന്നും സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഇനിയും ഒപ്പമുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു

'നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർട്ടിയും അതിജീവിതയ്‌ക്കൊപ്പം'
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്ക്കൊപ്പം നില്‍ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതിജീവിതയുടെ പോരാട്ടത്തില്‍ എന്നും സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും
ഇനിയും ഒപ്പമുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിധിയുടെ പൂര്‍ണ്ണ രൂപം വന്നതിനുശേഷം സര്‍ക്കാര്‍ ആവശ്യമായ തീരുമാനമെടുക്കും. കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. മുഖ്യമന്ത്രിയടക്കം അതീവ ഗൗരവത്തോടെയാണ് ഇത് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികൾ ഇനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.

Content Highlights: M V Govindan says the government and party will stand by the victim in the actress attack case

dot image
To advertise here,contact us
dot image