

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. 55 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുണ്ടെന്നും സിപിഐമ്മിന് പകുതി സീറ്റ് പോലും ലഭിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിക്കഴിഞ്ഞെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബര്‍ 9) നടക്കും. രാവിലെ ആറുമണിക്ക് മോക്ക് പോള്‍ നടക്കും. രാവില ഏഴ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനൊന്നിന് നടക്കും. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. പോളിംഗ് സ്‌റ്റേഷനുകളില്‍ കുടിവെളളം, വിശ്രമസ്ഥലം, റാമ്പ്, ക്യൂ സൗകര്യം എന്നിവയുണ്ടാകും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉളളവര്‍ക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകും.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നി തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മാതൃകാപെരുമാറ്റച്ചട്ട ലംഘനം, കളളവോട്ട് ചെയ്യല്‍, ആള്‍മാറാട്ടം, പോളിംഗ് ബൂത്തില്‍ അതിക്രമം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Content Highlights: BJP will come in third place in Thiruvananthapuram Municipality says K Muraleedharan