

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാനിരിക്കെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതിജീവിതയ്‌ക്കൊപ്പമാണ് സമൂഹം എപ്പോഴുമുളളതെന്ന് കെ മുരളീധരന്‍ പറഞ്ഞു. അനുകൂലമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കേസിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാൻ ഇനി ഒരു മണിക്കൂര്‍ മാത്രമാണ് ബാക്കിയുളളത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കയുണ്ടെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞിരുന്നു. കേസിലെ പ്രമുഖര്‍ തടിതപ്പുമോ എന്നതില്‍ ആശങ്കയുണ്ടെന്നും 50-50 ചാന്‍സാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. 'പി ടിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. മൊഴി കൊടുക്കരുത് എന്ന് പറഞ്ഞവരുണ്ട്. പി ടിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു. പി ടിയെ സംസാരിപ്പിക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. പല പ്രതിസന്ധികളും പിടിയ്ക്ക് നേരിടേണ്ടി വന്നു. അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. പല തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നും കൂട്ടിപ്പറയാനും കുറച്ചു പറയാനും തയ്യാറല്ലെന്ന് അന്നേ പി ടി പറഞ്ഞു': ഉമാ തോമസ് പറഞ്ഞു.
നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
Content Highlights: Society always stands with survivors: Hope for a favorable verdict: K Muraleedharan