

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രം നേടുന്നത്. ഇതുവരെ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളിൽ വ്യത്യസ്‌ത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അത്തരം തിരഞ്ഞടുപ്പുകൾ വിജയം നേടിയിട്ടും ഉണ്ട്. ഇപ്പോഴിതാ കളങ്കാവളിൽ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളോട് സാമ്യം തോന്നരുത് എന്ന രീതിയിലാണോ സ്ക്രിപ്റ്റ് തയ്യാറാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ജിതിൻ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ മറുപടി.
'ഇതുവരെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളോട് സാമ്യം തോന്നരുത് സിനിമയിലെ വേഷം എന്ന രീതിയിലേക്ക് പോയിരുന്നില്ല. എഴുത്തിലും നിർമാണ വേളയിലും അങ്ങനെ ചിന്തിച്ചിട്ടും ഇല്ല. കളങ്കാവലിലേത് അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു ഷെയ്ഡ് നൽകുന്നുണ്ട്. അതിൽ വേറെ ഒന്നും ഇല്ല ആ കഥാപാത്രം അങ്ങനെ തന്നെയാണ്. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ കഥാപാത്രം വളരെ ജെന്റിൽ ആയിട്ടുള്ള പേഴ്സണാലിറ്റി ആണ്. അദ്ദേഹത്തിന്റെ ഉള്ളിലാണ് യഥാർത്ഥ ക്യാരക്ടർ ഇരിക്കുന്നത്.
നെഗറ്റീവ് ഓറ ഉള്ളിൽ ഇരിക്കുന്നതാണ്. പുറത്ത് വേറെ ഒരു ഓറയാണ് അദ്ദേഹം കൊണ്ട് നടക്കുന്നത്. എന്തായാലും ഇത് ഒരിക്കൽ പുറത്ത് വരും. ഈ കഥാപാത്രം ചെയുന്നത് മമ്മൂട്ടി എന്ന മഹാനടനാണ്. അപ്പോൾ അദ്ദേഹത്തിൽ നിന്ന് പുതിയ ഒരു സാധനം വരുമെന്ന ചിന്ത ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതുപോലെ സംഭവിച്ചു,' ജിതിൻ കെ ജോസ് പറഞ്ഞു.
പുറത്തിറങ്ങി രണ്ട് ദിവസങ്ങൾ കഴിയുമ്പോൾ ആഗോള തലത്തിൽ സിനിമയ്ക്ക് വലിയ ചലനമുണ്ടാക്കൻ കഴിയുന്നുണ്ട്. ആദ്യ ദിനം ആഗോള തലത്തിൽ 15.66 കോടി നേടിയ സിനിമ രണ്ടാം ദിനം 15.43 കോടി സ്വന്തമാക്കി. കേരളത്തിൽ നിന്ന് ഇതുവരെ 9.94 കോടിയാണ് കളങ്കാവലിന്റെ കളക്ഷൻ. വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 2.4 കോടിയും ഓവർസീസിൽ നിന്ന് 18.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം.
രണ്ട് ദിവസം കൊണ്ട് 31.10 കോടിയാണ് കളങ്കാവല്‍ ആഗോള തലത്തിൽ നേടിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടി അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്.
Content Highlights: Jithin k jose about the character of mammootty in kalamkaval