

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. തെളിവ് ഹാജരാക്കിയ വിശ്വാസം തനിക്കുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. താരസംഘടനയുൾപ്പെടെയുള്ള സംഘടനകളാരും തന്നെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായിട്ടില്ലയെന്നും ഏത് സംഘടനയിലായാലും സംഘടനയിൽപ്പെട്ട ഒരു വ്യക്തിക്ക് ഒരു പ്രശ്നം വരുമ്പോൾ പ്രശ്നത്തിനോടൊപ്പം നിൽക്കണമെന്നും അഭിഭാഷക പറഞ്ഞു.
നേരത്തെ സംഘടനാ അംഗങ്ങൾ അതിജീവിതക്കൊപ്പമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അത് കേൾക്കാനില്ലയെന്നും അഭിഭാഷക വ്യക്തമാക്കി. അതിജീവിതയുടെ വക്കാലത്ത് എടുക്കാൻ പോലും ആളില്ലായിരുന്നുവെന്നും വക്കീലൻമാരുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആർക്കും റിസ്ക് എടുക്കാൻ തയ്യറായിരുന്നില്ലയെന്നും അഭിഭാഷക വ്യക്തമാക്കി. അത്രയും സ്വാധീനം പ്രതികൾക്ക് ഉണ്ടായിരുന്നുവെന്നും അഡ്വ ടി ബി മിനി പറഞ്ഞു. നീതി ഉറപ്പാക്കേണ്ടവർ ഉറക്കം നടിക്കുകയാണെന്നും അഭിഭാഷക പറഞ്ഞു. അതിജീവിത വിളിച്ചിരുന്നുവെന്നും അവർക്കും ഭയങ്കര ടെൻഷൻ ആണെന്നും അഭിഭാഷക വ്യക്തമാക്കി.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കയുണ്ടെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. കേസിലെ പ്രമുഖര്‍ തടിതപ്പുമോ എന്നതില്‍ ആശങ്കയുണ്ടെന്നും 50-50 ചാന്‍സാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു പി ടി തോമസ് എന്നുമുണ്ടായിരുന്നതെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. ആ കുട്ടിക്ക് നീതി ലഭിക്കേണ്ടിയിരുന്നത് പി ടിയുടെ ആവശ്യമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി ടിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. മൊഴി കൊടുക്കരുത് എന്ന് പറഞ്ഞവരുണ്ട്. പി ടിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു. പി ടിയെ സംസാരിപ്പിക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. പല പ്രതിസന്ധികളും പിടിയ്ക്ക് നേരിടേണ്ടി വന്നു. പി ടിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. പല തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നും കൂട്ടിപ്പറയാനും കുറച്ചു പറയാനും തയ്യാറല്ലെന്ന് അന്നേ പി ടി പറഞ്ഞുവെന്നും ഉമ പറഞ്ഞു.
Content Highlight : Those who should ensure justice are pretending to be asleep; there is no need to worry, there is faith in the evidence presented; TB Mini