

ഡല്‍ഹി: പി എം ശ്രീയില്‍ ഇടപെടുന്നില്ലെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു. എം എ ബേബി പ്രകടിപ്പിച്ചത് കഴിവില്ലായ്മയും നിസ്സഹായാവസ്ഥയുമാണെന്ന് പ്രകാശ് ബാബു പറഞ്ഞു. ഗൗരവമായ ഒരു വിഷയം സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉന്നയിക്കുമ്പോള്‍ അതില്‍ നിസ്സഹായാവസ്ഥയല്ല പ്രകടിപ്പിക്കേണ്ടത്. ഗൗരവമായി തന്നെ ഇടപെടുകയാണ് വേണ്ടത്. സിപിഐഎമ്മിന്റെ ദേശീയ നയത്തില്‍ നിന്ന് വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുമ്പോള്‍ ആ രീതിയിലായിരുന്നു ഇടപെടേണ്ടത്. കേരളത്തില്‍ സിപിഐഎമ്മിന് പുതിയ നിര്‍ദേശം വല്ലതും നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
സംസ്ഥാനത്തെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥ പോലെയാണ് എം എ ബേബിയുടെ പ്രതികരണത്തില്‍ നിന്ന് തങ്ങള്‍ മനസിലാക്കിയതെന്നും പ്രകാശ് ബാബു പറഞ്ഞു. സിപിഐക്ക് നീതി ലഭിക്കുന്നത് അല്ല വിഷയം. ബിജെപിയുടെ അജണ്ടയില്‍ നിന്ന് രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ രക്ഷപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. സിപിഐയുടെ വാമൂടി കെട്ടാന്‍ ആര്‍ക്കും പറ്റില്ല. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് തെറ്റാണ്. ഒപ്പിട്ടവരും തീരുമാനമെടുത്തവരുമാണ് എന്തിനാണ് ഇത്ര ധൃതി കാണിച്ചതെന്ന് വ്യക്തമാക്കേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.
പിഎം ശ്രീയില്‍ സിപിഐ ഇടഞ്ഞുനില്‍ക്കുന്നതിനിടെ എം എ ബേബിയും ഡി രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം എ ബേബി പ്രതികരിച്ചത്. സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം എ ബേബി പറഞ്ഞിരുന്നു. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിഷയത്തില്‍ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞിരുന്നു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞിരുന്നു. എന്‍ഇപി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും ഡി രാജ ചോദിച്ചിരുന്നു.
Content Highlights- K Prakash babu against m a baby on pm shri project