

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ താരത്തിന് വീടുവെച്ച് നല്‍കുമെന്ന് വാക്ക് നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാമ്പാറയിലെ ദേവനന്ദ വി ബൈജുവിനാണ് വീടൊരുങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വഴിയാണ് കുട്ടിക്ക് വീട് വെച്ച് നല്‍കുക.
കായിക മേളയില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ പെണ്‍കുട്ടി തന്റെ വീടിന്റെ അസൗകര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. കായികമേള കഴിഞ്ഞ് പോകും മുന്‍പ് ദേവനന്ദയുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. വീട് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ഇടപെടലില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീടൊരുങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ദേവനന്ദയുടെ പ്രതികരണം.
കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാംപാറയിലെ കായിക താരമായ ദേവനന്ദ ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 24.96 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2017ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 23.13 സെക്കന്റിന്റെ റെക്കോര്‍ഡാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ തിരുത്തിയെഴുതിയത്. 100 മീറ്റര്‍ ഓട്ടത്തിലും ദേവനന്ദയ്ക്ക് സ്വര്‍ണ മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഒരു മാസം മുൻപ് ദേവനന്ദയ്ക്ക് അപ്പെൻ്റിസൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് പോലും വകവെയ്ക്കാതെയാണ് ദേവനന്ദ മത്സരത്തിനിറങ്ങിയത്.
Content Highlight; General Education Department to build and provide a house for Devananda