രണ്ട് ഡക്കിന് ശേഷം ആദ്യ റണ്‍! വൈറലായി കോഹ്‌ലിയുടെ സെലിബ്രേഷൻ

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി ‍സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്

രണ്ട് ഡക്കിന് ശേഷം ആദ്യ റണ്‍! വൈറലായി കോഹ്‌ലിയുടെ സെലിബ്രേഷൻ
dot image

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി ‍സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. 81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 74 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലി മുൻ‌ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഇപ്പോഴിതാ മത്സരത്തിൽ തന്റെ ആദ്യ റൺ നേടിയ ശേഷമുള്ള വിരാട് കോഹ്‌ലിയുടെ സെലിബ്രേഷനാണ് വൈറലാവുന്നത്. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ പുറത്തായതിന് പിന്നാലെ വൺഡൗണായാണ് കോഹ്‌ലി കളത്തിലെത്തിയത്. രണ്ട് തവണയും ഡക്കായതോടെ വലിയ സമ്മർദ്ദം കോഹ്‌ലിക്ക് മുകളിലുണ്ടായിരുന്നു. എന്നാൽ ആദ്യ റൺസ് സിം​ഗിളെടുത്ത് കോഹ്‌ലി തന്റെ അക്കൗണ്ട് തുറന്നു.

രണ്ട് തവണയും നിരാശയോടെ മടങ്ങേണ്ടിവന്നതിന് ശേഷം അക്കൗണ്ട് തുറന്നതിന്റെ എല്ലാ സന്തോഷവും കോഹ്‌ലി പ്രകടിപ്പിച്ചു. സിഡ്നിയിലെ ഇന്ത്യൻ ആരാധകർ എഴുന്നേറ്റ് നിന്ന് കെെയടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. ആരാധകരുടെ ആർപ്പുവിളികൾ കേട്ട് കോഹ്‌ലി ചിരിച്ച് തന്റെ കൈകൾ ഉയർത്തി കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസവിജയം. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 46.4 ഓവറില്‍ 236 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 69 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ 2-1നാണ് പരമ്പര കൈവിട്ടത്.

Content Highlights: Virat Kohli celebrates first run during 3rd ODI vs Australia, Video Goes Viral

dot image
To advertise here,contact us
dot image