

ഇന്‍ട്രോവേര്‍ട്ടുകള്‍ എന്നാല്‍ നാണംകുണുങ്ങികളാണോ? അന്തര്‍മുഖത്വത്തെ പലരും നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ അങ്ങനെയല്ല, തനിച്ചിരിക്കുന്നതില്‍ സ്വാസ്ഥ്യം കണ്ടെത്തുന്നവരാണ് അന്തര്‍മുഖര്‍. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം എന്ന കാര്യത്തില്‍ താല്പര്യമില്ലാത്തവരാണെങ്കിലും വളരെ അടുത്ത കുറച്ചു സൗഹൃദങ്ങളോട് ആഴത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്നവരാണ് അവര്‍. സംസാരിക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കും, ശാന്തമായ ചുറ്റുപാടുകളായിരിക്കും ഇവര്‍ ഇഷ്ടപ്പെടുന്നത്. സാമൂഹിക ഇടപെടലുകള്‍ കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് അല്പസമയം റീച്ചാര്‍ജ് ചെയ്യുന്നതിനായി സമയം ആവശ്യമുണ്ട്.
നാണംകുണുങ്ങിയും റിസര്‍വ്ഡ് ആണെന്നും മുദ്രകുത്തും മുന്‍പ് അറിയണം അവരില്‍ പലരും ആത്മവിശ്വാസമുള്ളവരാണെന്ന്. ശാന്തമായ അവരുടെ പ്രകൃതം അവരെ കൂടുതല്‍ ശ്രദ്ധയുള്ളവരാക്കി മാറ്റും. അന്തര്‍മുഖര്‍ നല്ല കേള്‍വിക്കാരാണ്, അവരുടെ ബന്ധങ്ങള്‍ ആഴമേറിയതായിരിക്കും. സര്‍ഗാത്മകത, ചിന്താശീലം, എന്നിവ ഇവരുടെ പ്രത്യേകതയാണ്. ശാന്തമായിരിക്കാനാവുന്നു എന്നുള്ളത് ഒരിക്കലും ഇവരുടെ കുറവല്ല കരുത്താണ്.
മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായി സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്നവരായിരിക്കും ഇവര്‍. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ആശങ്കയാണെങ്കിലും അത് വളരെ സ്വകാര്യമായി കാത്തുസൂക്ഷിക്കുന്നവരാണ് ഇവര്‍. വലിയ ശബ്ദകോലാഹലങ്ങള്‍ ഇവര്‍ക്ക് ഇഷ്ടമല്ല. വിശ്വസ്തരായിരിക്കും, അനുകമ്പ ഉള്ളവരും അര്‍ഥവത്തായ ബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ ഇവര്‍ പലപ്പോഴും സ്വന്തംകാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കാറുണ്ട്.
കാര്യങ്ങള്‍ എല്ലാം പങ്കുവയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, ചില അതിരുകള്‍ വയ്ക്കുന്നതാണ്. അതൊരിക്കലും സ്വാര്‍ഥതയല്ല. അതുപോലെ നോ പറയാന്‍ പഠിക്കുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള കൃത്യമായ അതിര്‍ത്തികള്‍ നിങ്ങള്‍ക്ക് സ്വയം സുരക്ഷിതരാണെന്ന ബോധം നല്‍കും, സ്വയം ബഹുമാനം തോന്നും വൈകാരികമായി ശക്തരാക്കും.
Content Highlights: Introverts and their behaviour