

മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ് അർജുൻ അശോകൻ ചിത്രമായ ചത്താ പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമ 115 ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ കാമിയോയെക്കുറിച്ച് നടൻ റോഷൻ മാത്യു പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.
ചത്താ പച്ചയിൽ മമ്മൂട്ടി കാമിയോയിൽ എത്തുന്നുണ്ടെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് 'അതെ അങ്ങനെ പറഞ്ഞ് കേൾക്കുന്നുണ്ട്' എന്നാണ് തമാശരൂപേണ റോഷൻ നൽകിയ മറുപടി. 'നല്ല ഫൺ ഷൂട്ട് ആണ്. ഇനി കുറച്ച് ഷൂട്ട് കൂടി ബാക്കിയുണ്ട്. അതിന് വേണ്ടിയിട്ട് വെയ്റ്റിംഗ് ആണ്' എന്നും റോഷൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ ഇക്കാര്യം മനസുതുറന്നത്. അതേസമയം, മമ്മൂട്ടി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന മഹേഷ് നാരായണൻ ചിത്രമായ പാട്രിയറ്റിൻ്റെ ഷൂട്ട് പൂർത്തിയായാലുടൻ അദ്ദേഹം ചത്താ പച്ചയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ ചിത്രത്തിൽ അഞ്ച് ദിവസത്തോളമാണ് മമ്മൂട്ടിയുടെ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നതെന്നും ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിനിമയിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.
പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Mammookka will join soon for a 5 days shoot in #ChathaPacha 🔥
— AB George (@AbGeorge_) October 25, 2025
WWE inspired Malayalam Padam. https://t.co/YsTQyVSH3o
ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.
Content Highlights: Roshan Mathew about Mammootty Cameo in Chathaa Pacha