ഓണ്‍ലൈന്‍ വഴിയുള്ള വ്യാജ തൊഴില്‍ തട്ടിപ്പുകള്‍; ജാ​ഗ്രത പാലിക്കണമെന്ന് യുഎഇ

പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായി അന്വേഷണത്തില്‍ വ്യക്തമായി

ഓണ്‍ലൈന്‍ വഴിയുള്ള വ്യാജ തൊഴില്‍ തട്ടിപ്പുകള്‍; ജാ​ഗ്രത പാലിക്കണമെന്ന് യുഎഇ
dot image

യുഎഇയില്‍ ഓണ്‍ലൈന്‍ വഴിയുളള വ്യാജ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം രം​ഗത്തെത്തി. തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും തൊഴില്‍ പരസ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎഇയില്‍ ഓണ്‍ലൈന്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പ് വ്യാപകമാകുന്നതായാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വീണ്ടും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആകര്‍ഷകമായ ശമ്പളം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കുന്നത്. വ്യാജ പാര്‍ട്ട് ടൈം ജോലിയുടെ പേരിലും തട്ടിപ്പ് വ്യപാകമാണ്. ഇതിനായി സമുഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തുടര്‍ച്ചായി പ്രചാരണവും നല്‍കുന്നു. ഇതില്‍ ആകൃഷ്ടരായി എത്തുന്നവരില്‍ നിന്ന് പണം വാങ്ങിയ ശേഷം വ്യാജ തൊഴില്‍ ഓഫറുകള്‍, കരാറുകള്‍, റെസിഡന്‍സി രേഖകള്‍ എന്നിവ നല്‍കുകയാണ് പല തട്ടിപ്പ് സംഘങ്ങളുടെയും രീതി.

പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായി അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. പണം കൈക്കലാക്കുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ലക്ഷ്യമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. യഥാര്‍ത്ഥ തൊഴില്‍ ഓഫറുകള്‍ മാനവ വിഭവശേഷി, സ്വദേശി വത്ക്കരണ മന്ത്രാലയം വഴിയാണ് ലഭ്യമാക്കുന്നത്. അതിനൊപ്പം ഔദ്യോഗിക വര്‍ക്ക് എന്‍ട്രി പെര്‍മിറ്റും ഉണ്ടാകും. ഏതെങ്കിലും ഓഫര്‍ സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത നിര്‍ബന്ധമായും പരിശോധിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

അതിനിടെ തൊഴില്‍ കരാറുകളുടെയും റെസിഡന്‍സി പെര്‍മിറ്റുകളുടെയും തീയതികള്‍ ഏകീകരിക്കുന്നതിനുള്ള നപടിക്കും മാനവ വിഭവശേഷി, സ്വദേശി വത്ക്കരണ മന്ത്രാലയം നീക്കം തുടങ്ങി. നടപടിക്രമങ്ങള്‍ ലളിതമാക്കാനും സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് നടപടി. സ്വകാര്യ മേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിനും ബിസിനസ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

Content Highlights: UAE Warns of Fake Job Offers and Visa Scams

dot image
To advertise here,contact us
dot image