

വനിതാ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിന്റെ വ്യക്തമായ ചിത്രം തെളിഞ്ഞു. രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക. ഒന്നാം സെമി ഫൈനലില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുകയും ചെയ്യും. ദക്ഷിണാഫ്രിക്കയെ തകർത്ത് പ്രാഥമിക ഘട്ടത്തില്‍ ഓസീസ് വനിതകള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് സെമി ഫൈനലിന്റെ അവസാന ചിത്രം വ്യക്തമായത്. രണ്ടാം സെമിയിൽ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് ഏറ്റുമുട്ടുക.
ഈ മാസം 30ന് നവി മുംബൈയിലാണ് ഇന്ത്യ- ഓസ്ട്രേലിയ സെമി പോരാട്ടം. അതേസമയം അപരാജിതരായി ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ഓസീസ് വനിതകൾക്ക് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി തന്നെയാവും ഉയർത്തുക. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ഏഴ് മത്സരങ്ങളും വിജയിച്ച് 13 പോയിന്റുമായാണ് ഓസീസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് മഴയെ തുടര്‍ന്ന് ഫലമുണ്ടായില്ല. ഇന്ത്യയ്ക്ക് ആറ് മത്സരങ്ങളില്‍ മൂന്ന് വീതം തോല്‍വിയും ജയവുമാണുള്ളത്. ആറ് പോയിന്റ് മാത്രം. നാളെ ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ പോലും ഇന്ത്യക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കില്ല.
ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ടാണ് നിലവിൽ മൂന്നാമതുള്ളത്. പത്ത് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാൽ പോയിന്റ് ടേബിളിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാമതെത്താം. എങ്കിലും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മറ്റൊരു സെമിയില്‍ നേര്‍ക്കുനേര്‍ വരും. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആരായിരിക്കും ഫിനിഷ് ചെയ്യുക എന്നുള്ള സ്ഥിരീകരണം മാത്രമാണ് ലഭിക്കാനുള്ളത്.
Content Highlights: ICC Women’s Cricket World Cup 2025; semi-final matchups confirmed