'കേരളത്തിൽ എന്ത് പഠിപ്പിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പിന് അറിയാം'; കെ സുരേന്ദ്രനെതിരെ എഐഎസ്എഫ്

ശാഖയില്‍ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയില്‍ പഠിപ്പിച്ചാല്‍ മതിയെന്നും എഐഎസ്എഫ്

'കേരളത്തിൽ എന്ത് പഠിപ്പിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പിന് അറിയാം'; കെ സുരേന്ദ്രനെതിരെ എഐഎസ്എഫ്
dot image

തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ടെന്നും ശാഖയില്‍ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയില്‍ പഠിപ്പിച്ചാല്‍ മതിയെന്നും എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

വിദ്യാര്‍ത്ഥി മനസുകളില്‍ ചരിത്രബോധം വികലമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ചരിത്ര പാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റി വിദ്യാര്‍ത്ഥി മനസുകളില്‍ വര്‍ഗീയത പടര്‍ത്തുവാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പാക്കാമെന്ന് സുരേന്ദ്രനും ബിജെപിയും വ്യാമോഹിക്കേണ്ടെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ബിജെപി നേതാവ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ച്ചപ്പാടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കുമെന്നും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതോടെ ഇനി ഹെഡ്ഗെവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും ദീന്‍ ദയാല്‍ ഉപാധ്യായയെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കും എന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. മന്ത്രി വി ശിവന്‍കുട്ടിക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം മനസിലായി. പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ ഇനി ഹെഡ്ഗേവറെയും സവര്‍ക്കറെയും ദീന്‍ ദയാല്‍ ഉപാധ്യായയെയും കുറിച്ച് കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കും. ഇതൊക്കെ പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. വി ഡി സവര്‍ക്കര്‍ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും. കോണ്‍ഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയില്‍ കുട്ടികളെ പഠിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

Content Highlight; AISF responds to Surendran over PM SHRI scheme

dot image
To advertise here,contact us
dot image