

തിരുവന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതിന് പിന്നാലെ സിപിഐ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നടത്തി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും. കൂടിക്കാഴ്ച്ചയില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതിലെ അതൃപ്തി ഡി രാജ അറിയിച്ചു. മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നും നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞു. 'കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച നടത്തിയത്. എന്‍ഇപി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഡി രാജ ചോദിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്ന എം എ ബേബിയുടെ പ്രതികരണത്തെയും ഡി രാജ വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പോയി. അവര്‍ക്ക് തുക കോടതിയുടെ ഇടപെടലിലൂടെ ലഭിച്ചു. കേരളത്തിനും കോടതിയെ സമീപിക്കാമായിരുന്നല്ലോ? എന്തുകൊണ്ട് കോടതിയില്‍ പോയില്ല എന്നായിരുന്നു ഡി രാജയുടെ ചോദ്യം. ബിനോയ് വിശ്വത്തെ വിദ്യാഭ്യാസ മന്ത്രി കണ്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നും വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ആര്‍എസ്എസ് അജണ്ടയാണ്. വിഷയത്തിൽ സിപിഐയ്ക്കും സിപിഐഎമ്മിനും ഒരേ നിലപാടാണ്. വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ശുഭ പ്രതീക്ഷയുണ്ടെന്നും ഡി രാജ പറഞ്ഞു. പിഎം ശ്രീ ചര്‍ച്ച ചെയ്തു. എന്‍ഇപിയെ ഇരുപാര്‍ട്ടികളും എതിര്‍ക്കുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ധാരണാപത്രം പിന്‍വലിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
അതേസമയം, പിഎം ശ്രീ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന നിലപാടാണ് സിപിഐഎം ദേശീയ നേതൃത്വം സ്വീകരിച്ചത്. സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെ എന്ന് എം എ ബേബി പറഞ്ഞു. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണം എന്നായിരുന്നു. സംസ്ഥാന നേതൃത്വം പരിഹാരം കാണുമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും എം എ ബേബി പറഞ്ഞു. പിഎം ശ്രീയുടെ പേരില്‍ ഇതര പദ്ധതികള്‍ക്കും ഫണ്ട് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സംസ്ഥാനത്ത് പരിഹരിക്കേണ്ട വിഷയമാണ്. ഒപ്പിട്ടതുകൊണ്ട് കേന്ദ്ര നയങ്ങള്‍ എല്ലാം നടപ്പാക്കേണ്ടിവരില്ല. കേരളത്തിലെ ഇരുപാര്‍ട്ടികളും മന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. എല്‍ഡിഎഫിലെ മറ്റ് ഘടകക്ഷികളുമായും ചര്‍ച്ച ചെയ്യും. കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് മറികടക്കാന്‍ വേണ്ടിയാണ് ഒപ്പിട്ടത്': എം എ ബേബി പറഞ്ഞു.
Content Highlights: MA Baby, D Raja Meeting as clash between cpim and cpi on pm shri mou