

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ തലസ്ഥാനത്ത് സിപിഐയുടെ യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. കേരളം ബിജെപിക്ക് കീഴടങ്ങരുതെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം
സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാതെ മുദ്രാവാക്യം വിളിയുമായി പ്രതിഷേധക്കാര്‍ സ്ഥലത്ത് തന്നെ തുടർന്നു. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, എല്‍ഡിഎഫിന്റെ നേതൃത്വത്തിലിരുന്ന് വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെങ്കില്‍ കേരളത്തിന്റെ തെരുവുകളില്‍ നിന്ന് പോലും വി ശിവന്‍കുട്ടിയെ നേരിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന് നേതാക്കൾ പറഞ്ഞു. ഇന്നലെയും വിവിധ ജില്ലകളിലായി ഇരു പാര്‍ട്ടികളും പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
പിഎം ശ്രീയിൽ കെഎസ്‌യു പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട് ഡിഡിഒ ഓഫീസിലേക്കായിരുന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നിലെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. പൊലീസും കെഎസ്‌യു പ്രവര്‍ത്തകും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും കോലം കത്തിച്ചു.
സംഭവത്തില്‍ പ്രതിഷേധങ്ങള്‍ കനക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനവുമായി എബിവിപി രംഗത്തെത്തി. തൃശ്ശൂരിലായിരുന്നു മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം കാഴ്ച്ചവെച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ചായിരുന്നു പ്രകടനം. പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചത് തങ്ങളുടെ സമര വിജയമെന്നാണ് എബിവിപി അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടും എബിവിപി പ്രവർത്തകർ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Content Highlight; AISF and AIYF march to Education Minister’s office protesting PM SHRI scheme