
കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്. നാല് വര്‍ഷമാണ് 29കാരിയായ യുവതി പീഡനം നേരിട്ടത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവര്‍ക്ക് പെണ്‍കുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്ന് യുവതി പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയായിരുന്നു.
പെണ്‍കുട്ടി ജനിച്ചത് യുവതിയുടെ പ്രശ്‌നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിന് പുറമേ ഇയാള്‍ യുവതിയെ അസഭ്യം പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. വീട്ടുപണികള്‍ ചെയ്യുന്നില്ലെന്നും പീരിയഡ്‌സ് ആയില്ലെന്ന് പറഞ്ഞും ഇയാള്‍ ദേഹോപദ്രവം ചെയ്തതായും എഫ്‌ഐആറിലുണ്ട്. യുവതിയെ പൊലീസ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് മാറ്റി. ഭര്‍ത്താവിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.
സംഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിദ്യാസമ്പന്നമായ കേരളത്തിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞ് ആണോ പെണ്ണോ ആകുന്നത് പുരുഷന്റെ ക്രോമസോമിന്റെ വ്യത്യാസത്തിന് അനുസരിച്ചാണെന്നുള്ള ധാരണ പോലുമില്ലാതെയാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍. വിഷയം ഗൗരവത്തോടെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടും. യുവതിക്ക് നിയമസഹായം നല്‍കുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
Content Highlights- Police takes case against man who brutally attack wife in angamaly