
ബിഹാറിലും ദേശീയ തലത്തിലുള്ള ഐക്യം പ്രകടിപ്പിക്കാനുള്ള അവസരം ഇൻഡ്യ മുന്നണി ഇല്ലാതാക്കിയിരിക്കുകയാണ്. ബിഹാറിലെ മഹാഖഡ്ബന്ധനിൽ നിന്നും ജെഎംഎം പിന്മാറി. ആദ്യ ഘട്ട പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി പിന്നിട്ടിട്ടും പല മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയായില്ല എന്ന് മാത്രമല്ല, മുന്നണിയിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്ന സ്ഥിതിവിശേഷവും ഉയർന്നുവന്നിരിക്കുകയാണ്. സീറ്റ് വിഭജനം പൂർത്തിയായി എന്ന് പല ആർജെഡി നേതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും പല സീറ്റുകളിലും ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആർജെഡി - കോൺഗ്രസ് പാർട്ടികൾ പരസ്പരം മത്സരമുഖത്തുള്ള മണ്ഡലങ്ങളും നിരവധിയാണ്. മുന്നണിയിലെ മറ്റ് പാർട്ടികളായ സിപിഐ എംഎൽ, വികാസ് ഇൻശീൽ പാർട്ടി തുടങ്ങിയവരും കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ട്.
ഇങ്ങനെ ആശയക്കുഴപ്പം പുകഞ്ഞുകൊണ്ടിരിക്കെയാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മഹാഖഡ്ബന്ധൻ വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചക്കായ്, ധംധ, കട്ടോരിയ, മണിഹാരി, ജാമുയി, പിര്‍പൈന്‍തി എന്നീ മണ്ഡലങ്ങളില്‍ തങ്ങൾ മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല, അതൃപ്തി പരസ്യമായിത്തന്നെ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. സീറ്റ് ആവശ്യത്തിൽ ഇൻഡ്യ സഖ്യത്തിലെ എല്ലാ പാർട്ടികളും തങ്ങളോട് നിരന്തര അവഗണനയാണ് കാണിച്ചതെന്നും 2019 ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ആർജെഡിക്ക് തങ്ങൾ ഏഴ് സീറ്റ് നൽകിയെന്നും ഛത്ര മണ്ഡലത്തിലെ എംഎൽഎയെ മന്ത്രിയാക്കിയെന്നും സുപ്രിയോ ഭട്ടാചാര്യ ചൂണ്ടിക്കാണിച്ചു. 2024ലും തങ്ങൾ ആർജെഡിക്ക് സീറ്റുകൾ നൽകിയെന്നും ഒരു എംഎൽഎയെ മന്ത്രിയാക്കിയെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. തങ്ങൾ ഒറ്റയ്ക്ക് പോരാടുമെന്നും ജാർഖണ്ഡ് മുക്തി മോർച്ച ഇല്ലാതെ ബിഹാറിൽ ആർക്കും സർക്കാരുണ്ടാക്കാൻ സാധിക്കില്ലെന്നും പറഞ്ഞാണ് സുപ്രിയോ ഭട്ടാചാര്യ അതൃപ്തി പരസ്യമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പ്രചാരണം ആരംഭിച്ചവരാണ് മഹാഖഡ്ബന്ധൻ പാർട്ടികൾ. വോട്ട് ചോരിക്ക് പിന്നാലെ രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ യാത്രയിലടക്കം സഖ്യ നേതാക്കൾ ഒരു കൈ ഒരു മെയ് എന്നപോലെയാണ് പ്രവർത്തിച്ചത്. എന്നാൽ യാഥാർഥ്യത്തോടടുത്തപ്പോൾ മുന്നണിക്കുള്ളിലെ പൊട്ടിത്തെറികൾ പരസ്യമാക്കിയുള്ള ജെഎംഎമ്മിൻ്റെ തീരുമാനം. കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പാർട്ടിയാണ് ജെഎംഎം. ബിഹാറിൽ വേണ്ടത്ര അടിത്തറ ഇല്ലാതിരുന്നിട്ട് പോലും 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ജെഎംഎം 9.3 ശതമാനം വോട്ടുകൾ നേടിയിരുന്നു.
കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 5 സീറ്റുകളിലാണ് ജെഎംഎം മത്സരിച്ചത്. കട്ടോരിയ, മണിഹാരി, ചക്കായ്, പിര്‍പൈന്‍തി, ജാജാ തുടങ്ങിയ മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിച്ചത്. ഇത്തവണ ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സീറ്റുകളിൽ ചക്കായ് മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9.3% വോട്ടാണ് ജെഎംഎം നേടിയത്. വെറും 581 വോട്ടുകൾക്ക് ആർജെഡിക്ക് നഷ്ടമായ മണ്ഡലമായ ചക്കായ് നിയമസഭാ മണ്ഡലത്തിൽ ജെഎംഎം നേടിയ വോട്ട് മഹാഖഡ്ബന്ധന് സ്‌പോയ്‌ലര്‍ ആയിരുന്നു. ജെഎംഎമ്മിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ ചക്കായ് മണ്ഡലത്തിൽ മഹാസഖ്യത്തിന് വിജയക്കൊടി പാറിക്കാമായിരുന്നു. ജെഎംഎമ്മിന്റെ സ്ഥാനാർഥി എലിസബത്ത് സോറൻ 16,985 വോട്ടുകളാണ് നേടിയത്. 2025ലും ചക്കായ് മണ്ഡലത്തിൽ ജെഎംഎം മുൻവർഷങ്ങളിലെ പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ ആർജെഡിക്ക് വീണ്ടും തിരിച്ചടി ഉണ്ടായേക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തലുകൾ.
കട്ടോരിയ മണ്ഡലത്തിലാണ് ജെഎംഎമ്മിന് പിന്നീട് അല്പമെങ്കിലും വോട്ട് നേടാനായത്. ബിജെപി സ്ഥാനാർഥി ജയിച്ച മണ്ഡലത്തിൽ ജെഎംഎം സ്ഥാനാർഥി ആഞ്ചേല ഹൻസ്ഡയുടെ വോട്ട് വിഹിതം 3.7% മാത്രമായിരുന്നു. ഇവിടെ ആർജെഡി പരാജയപ്പെട്ടത് 6421 വോട്ടിനായിരുന്നു. എന്നാൽ ജെഎംഎം സ്ഥാനാർത്ഥി ഇവിടെ 5606 വോട്ടുകൾ നേടിയിരുന്നു. പിന്നീട് ജെഎംഎം മത്സരിച്ച മൂന്ന് മണ്ഡലങ്ങൾ; ജാജാ, മണിഹാരി, പിര്‍പൈന്‍തി എന്നിവിടങ്ങളിൽ ഒരു ശതമാനം വോട്ട് പോലും നേടാനായിരുന്നില്ല. എങ്കിലും ജെഎംഎം നേടിയ വോട്ടുകൾ, അവ കുറവെങ്കിലും നിർണായകമായിരുന്നു.
ജാജാ മണ്ഡലത്തിൽ ജെഡിയു കടന്നുകൂടുകയായിരുന്നു. വെറും 1679 വോട്ടുകൾക്കാണ് ജെഡിയു സ്ഥാനാർഥി ഈ മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ ഇതേ മണ്ഡലത്തിൽ ജെഎംഎം നേടിയത് 1,186 വോട്ടുകളാണ്. ഇവിടെ ആർജെഡിയും ജെഎംഎമ്മും സഖ്യത്തിലായിരുന്നെങ്കിൽ ഇവിടെ ഫലം മറ്റൊന്നായേനെ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മണിഹാരി മണ്ഡലത്തിൽ 21,209 വോട്ടുകൾക്ക് കോൺഗ്രസ് ആണ് വിജയിച്ചത്. എന്നാൽ ഇവിടം ജെഎംഎമ്മിന് 1,059 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിജെപി 27,019 വോട്ടുകൾക്ക് ജയിച്ച പിര്‍പൈന്‍തിയിൽ എന്നാൽ വെറും 377 വോട്ടുകൾ മാത്രമാണ് ജെഎംഎം സ്ഥാനാർത്ഥിക്ക് നേടാനായത്.
ജെഎംഎം മത്സരിക്കുന്ന ആറ് സീറ്റുകളും ജാർഖണ്ഡ് സംസ്ഥാനത്തോട് അടുത്ത മണ്ഡലങ്ങളാണ്. പലതും അതിർത്തിക്ക് വളരെയടുത്ത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരിട്ട് ഈ മേഖലകളിൽ പ്രചാരണം നടത്തുമെന്ന് സുപ്രിയോ ഭട്ടാചാര്യ അറിയിച്ചുകഴിഞ്ഞു. ബിഹാറിലെ രാഷ്ട്രീയസാഹചര്യത്തിൽ അത്രകണ്ട് മേൽക്കോയ്മ അവകാശപ്പെടാനില്ലെങ്കിലും ഏതെങ്കിലും തരത്തിൽ ജെഎംഎമ്മിന് ബിഹാറിന്റെ വിധിനിർണയത്തിൽ പങ്കുണ്ടാകുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. 2020ലെ വോട്ട് മാർജിനുകൾ സൂചിപ്പിക്കുന്നതും ജെഎംഎം അങ്ങനെ അവഗണിക്കേണ്ട പാർട്ടിയല്ല എന്നതാണ്.
Content Highlights: jmm split from maha alliance and their past electoral history