ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പാളിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും പിടിച്ചെടുത്തു

പിടിച്ചെടുത്തതില്‍ കോടികളുടെ ഭൂമിയിടപാട് രേഖകളുമുണ്ട്

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പാളിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും പിടിച്ചെടുത്തു
dot image

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്. ശബരിമലയിലെ പാളികളുമായി ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തതിലുണ്ട്.

സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കില്‍ കൂടി ഇതിനൊന്നും കൃത്യമായ രേഖകളില്ല. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണമാണോ ഇത്തരത്തില്‍ സൂക്ഷിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞത്.

പിടിച്ചെടുത്തതില്‍ കോടികളുടെ ഭൂമിയിടപാട് രേഖകളുമുണ്ട്. സ്വര്‍ണക്കൈമാറ്റത്തിന്റെ പ്രതിഫലമായാണ് ഭൂമിക്കൈമാറ്റങ്ങള്‍ നടന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പും നടത്തും. നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നു. ഇതോട് അനുബന്ധിച്ച് കൈക്കലാക്കിയ നിരവധി ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെ വീട്ടില്‍ എത്തിയ സംഘം അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേസില്‍ വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്കും അന്വേഷണ സംഘം വൈകാതെ കടക്കും. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയത്. ബെംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ഇന്ന് വൈദ്യപരിശോധയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച പോറ്റി അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിങ്ങളെ ആരാണ് കുടുക്കിയത് എന്ന ചോദ്യത്തിനായിരുന്നു പോറ്റിയുടെ പ്രതികരണം.

Content Highlights: Copies of documents related to gold and pail were seized from Unnikrishnan Potty's house

dot image
To advertise here,contact us
dot image