
നേരിട്ടുള്ള സൈനികാക്രമണങ്ങള്‍, നിഴല്‍യുദ്ധങ്ങളിലോ ഒളിയുദ്ധങ്ങളിലോ നിലനിന്നു പോരുന്ന സംഘര്‍ഷങ്ങള്‍, പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന ശത്രുത. ഇസ്രയേലും ഇറാനും തമ്മിലുള്ള വിള്ളലുകള്‍ പഴയതിനേക്കാള്‍ ശക്തമായി തന്നെ തുടരുകയാണ് ഇന്ന്. ഇറാനെ ലക്ഷ്യം വെച്ച് ഇസ്രയേലും ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഇറാനും അവരുടെ കരുക്കള്‍ നീക്കുമ്പോള്‍ ആ നീക്കത്തില്‍ ഇരു രാജ്യങ്ങളുടെയും പുത്തന്‍ പദ്ധതികള്‍ എന്താണെന്ന് അറിയാന്‍ ഉറ്റു നോക്കാറുമുണ്ട് മറ്റു ലോക രാജ്യങ്ങള്‍. ഇപ്പോഴിതാ ഇസ്രയേലിനെതിരെ, ഇസ്രയേലിനെ നശിപ്പിക്കാനായി ഏറ്റവും പുതിയ വഴികൾ എന്തൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറാന്‍. ഇറാനിൽ പുറത്തിറക്കിയ ഒരു പുസ്തകത്തില്‍ ആണ് ഇസ്രയേലിനെ ലോക ഭൂപടത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള വഴികള്‍ കുറിച്ച് വെച്ചിരിക്കുന്നത്.
'ഇസ്രായേല്‍ ഉന്മൂലന പദ്ധതി: സയണിസ്റ്റ് ഭരണകൂടത്തിന്റെ നാശത്തിനായുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തന്ത്രം' - ഈ പേരിലുള്ള പുസ്തകം ഇറാനിലെ പുണ്യനഗരമായ കോമില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് അനാച്ഛാദനം ചെയ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, എഴുത്തുകാരനും ദീര്‍ഘകാലം ഇറാനിയന്‍ നയതന്ത്രജ്ഞനും ആയ അലി-അസ്ഗര്‍ മുഹമ്മദി-റാദ് എഴുതിയ ഈ പുസ്തകം ഇറാനിയന്‍ പുണ്യനഗരമായ ക്വാമില്‍ വെച്ച് പരമോന്നത നേതാവ് അലി ഖമേനിയുടെ അടുത്ത സഹായി അലിറേസ പനാഹിയാന്‍ ആണ് അനാച്ഛാദനം ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മേഖലാ വ്യാപകമായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ ശത്രുവിനോടുള്ള നിലപാട് മാറ്റാന്‍ തയ്യാറല്ലെന്നും അവരെ തുടച്ചുനീക്കാനായി വേണ്ടതെല്ലാം ചെയ്യുമെന്നും അതില്‍ നിന്ന് ഒരടി പോലും ടെഹ്റാന്‍ പിന്നോട്ടില്ലെന്നുമായിരുന്നു പുസ്തക അനാച്ഛാദന വേളയില്‍ ഇറാന്റെ നിലപാട്.
അയോടുള്ള അലി ഖമേനിയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ റുഹുള്ള ഖൊമേനിയുടെയും ഏറെക്കാലത്തെ വീക്ഷണങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് പുസ്തകമെന്ന് അനാച്ഛാദന ചടങ്ങില്‍ എഴുത്തുകാരെ പ്രശംസിച്ചുകൊണ്ട് അലിറേസ പനാഹിയാന്‍ വ്യക്തമാക്കി. സമീപകാല യുദ്ധത്തില്‍ ഇസ്രായേലിന്റെ പരിഹരിക്കാനാകാത്ത തോല്‍വികള്‍ എന്തൊക്കെയായിരുന്നു, അത് മനസിലാക്കിയ ശേഷം ഇസ്രായേല്‍ ഭരണകൂടത്തെ അവസാനിപ്പിക്കാനുള്ള ഇറാന്റെ സൈദ്ധാന്തികവും തന്ത്രപരവുമായ പദ്ധതികള്‍ എങ്ങനെ ആയിരിക്കണം എന്നൊക്കെയാണ് പുസ്തകം വിശകലനം ചെയ്യുന്നത്. പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍, സമീപകാല ഇറാന്‍-ഇസ്രായേല്‍ യുദ്ധവും സയണിസ്റ്റ് ഭരണകൂടത്തെ നശിപ്പിക്കാനുള്ള ഇറാന്റെ തന്ത്രവും വിശദീകരിച്ചിട്ടുണ്ടെന്ന് രചയിതാവ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനെ ഉന്മൂലനം ചെയ്യാനുള്ള ഇറാനിയന്‍ തന്ത്രത്തിന്റെ ഭാഗമാണ് തങ്ങള്‍ നടത്തുന്ന യുദ്ധമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ലക്ഷ്യമെന്നും രചയിതാവ് പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ 7 നു ഹമാസ് നടത്തിയ ആക്രമണത്തെ ഇറാനും മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ള ഒരു ഉണര്‍ത്തല്‍ സന്ദേശമായി പുസ്തകത്തില്‍ സൂചിപ്പിക്കുണ്ട്. ഇസ്രായേല്‍ ഭരണാധികാരികള്‍ പ്രചരിപ്പിച്ച നുണകളുടെയും ഉള്ളില്‍ നിന്ന് ലോകം പുറത്തു കടക്കണം എന്നും പലസ്തീന്റെ അടിച്ചമര്‍ത്തലിന്റെ നിലവിളി ലോകം കേള്‍ക്കേണ്ടതുണ്ടെന്നും രചയിതാവ് കൂട്ടിച്ചേര്‍ത്തു. ഹോളോകോസ്റ്റിനെ ജൂത ജനതയെ കെട്ടിച്ചമച്ച അടിച്ചമര്‍ത്തലാണെന്ന് പുസ്തകം പറയുന്നുണ്ട്. ഇസ്ലാമിക വിപ്ലവം മുതൽ, ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇസ്രയേൽ രാഷ്ട്രത്തിന്റെ നാശം ആയിരുന്നു. ഇസ്രായേലിനെ നിയമസാധുതയില്ലാത്ത ഒരു "സയണിസ്റ്റ് ഭരണകൂടം" എന്നായിരുന്നു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പരമോന്നത നേതാവായ റുഹൊല്ല ഖൊമേനി വിശേഷിപ്പിച്ചിരുന്നു. മുസ്ലീം ലോകത്ത് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ പ്രതീകമായാണ് ഇസ്രയേലിനെ കണക്കാക്കിയിരുന്നത്. റുഹൊല്ല ഖൊമേനിയുടെ കാലശേഷവും അന്ന് പറഞ്ഞ അതേ നിലപാടില്‍ തന്നെ തുടരാനാണ് ഇന്നും ഇറാന്‍ ശ്രമിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെ ഒകെ ആണെങ്കിലും ഇറാനും ഇസ്രായേലും തമ്മില്‍ നല്ല ബന്ധത്തിലായിരുന്ന നാളുകളുണ്ട്. 1948 ലെ ഇസ്രായേല്‍ രാഷ്ട്ര രൂപീകരണത്തെ അംഗീകരിച്ച ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രണ്ടാമത്തെ രാജ്യമായിരുന്നു ഇറാന്‍. മറ്റേത് തുര്‍ക്കിയായിരുന്നു. 1947-ല്‍ ബ്രിട്ടീഷ് അധികാരം അവസാനിച്ചതിനുശേഷം പലസ്തീന്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കമ്മിറ്റിയിലെ 11 അംഗങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. Iran and Israel: Old friends, new enemies എന്ന പുസ്തകത്തിന്റെ രചിയതാവായ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ചരിത്രകാരനായ എറിക് ക്വിന്‍ഡസ്ലാന്‍ഡ് ഇരു രാജ്യങ്ങളുടെയും സൗഹൃദ കഥ വിശദീകരിക്കുന്നുമുണ്ട്. എന്തായാലും ഇന്ന് ബദ്ധ ശത്രുക്കള്‍ ആയ ഇവര്‍ പരസ്പരം മത്സരിക്കുമ്പോള്‍ ആര് വീഴും ആര് വാഴും എന്ന് ലോകം നോക്കി കാണേണ്ടത് തന്നെയാണ്.
Content Highlights: Iran unveils new book that details plans to destroy Israel-Report