
കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. മതംനോക്കി മാറ്റിനിർത്തിയെന്നാണ് കെപിസിസി മുൻ സെക്രട്ടറി അഡ്വ. ഐ മൂസയുടെ പ്രതികരണം. കോൺഗ്രസിൽ കഴിവിനേക്കാൾ മതമാണ് മാനദണ്ഡമെന്ന് ഐ മൂസ ഫേസ്ബുക്കിൽ കുറിച്ചു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.' ഒരു വ്യക്തി എത്രത്തോളം അർഹതയുള്ളവനായാലും മതമാണ് അയോഗ്യതകൽപ്പിക്കുന്നതിനുള്ള ഏക മാനദണ്ഡം' എന്നായിരുന്നു കുറിപ്പ്.
നേതാക്കൾ ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ നേതാക്കൾക്കും പുനഃസംഘടനയിൽ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൂസയുടെ പോസ്റ്റ്. വടകരയിലെ കോൺഗ്രസ് മുഖമായ ഐ മൂസ ജനറൽ സെക്രട്ടറി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജംബോ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തഴയപ്പെട്ടു.
കെപിസിസി പുനഃസംഘടനയിൽ കെ മുരളീധരൻ, കെ സുധാകരൻ, വി ഡി സതീശൻ, ചാണ്ടി ഉമ്മൻ എന്നിവരും അതൃപ്തിയിലാണ്. മുതിർന്ന നേതാക്കളടക്കം അതൃപ്തി പ്രകടമാക്കിയിട്ടും പ്രശ്‌നം പരിഹരിക്കാൻ നേതൃത്വത്തിന് ആയിട്ടില്ല. നേതാക്കൾ നിർദേശിച്ച പല നേതാക്കളുടെയും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ബോധപൂർവ്വം അവരെയെല്ലാം തഴഞ്ഞുവെന്നാണ് വി ഡി സതീശൻ അടക്കമുള്ളവരുടെ പരാതി.
Content Highlight: more leaders express dissatisfaction with KPCC reorganization