
വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സാമേഖലയില്‍ വലിയൊരു വഴിത്തിരിവുമായി ഗവേഷകര്‍. പതിറ്റാണ്ടോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ ഏത് ബ്ലഡ് ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ക്കും മാറ്റിവയ്ക്കാന്‍ സാധിക്കുന്ന രീതിയിലുള്ള 'യൂണിവേഴ്‌സല്‍ വൃക്ക' ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.
എ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടയാളുടെ വൃക്കയെയാണ് യൂണിവേഴ്‌സല്‍ കിഡ്‌നിയായി വികസിപ്പിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ. അവിവോ ബയോമെഡിക്കല്‍ എന്നിവിടങ്ങളില്‍ വികസിപ്പിച്ച പ്രത്യേക എന്‍സൈമുകള്‍ ഉപയോഗിച്ചാണ് എ ബ്ലഡ് ഗ്രൂപ്പുകാരാനായ ദാതാവില്‍ നിന്നുള്ള വൃക്കയെ യൂണിവേഴ്‌സല്‍ ബ്ലഡ് ഗ്രൂപ്പായ ഒയിലേക്ക് മാറ്റിയത്.
ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത വൃക്ക പിന്നീട് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയില്‍ അയാളുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ മാറ്റിവച്ച് പരീക്ഷിക്കുകയും ചെയ്തു. ഈ വൃക്കയെ ശരീരം നിരസിച്ചില്ലെന്ന് മാത്രമല്ല കുറേ ദിവസം സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ഏത് ബ്ലഡ് ഗ്രൂപ്പില്‍ പെട്ട വൃക്കയെയും യൂണിവേഴ്‌സല്‍ വൃക്കയായി മാറ്റാന്‍ സാധിക്കുകയാണെങ്കില്‍ ബ്ലഡ് ഗ്രൂപ്പിന് അനുയോജ്യമായ വൃക്ക ലഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കാനും ചികിത്സാരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും.
ആയിരക്കണക്കിന് വൃക്കരോഗികള്‍ക്ക് വൃക്ക വേഗത്തില്‍ മാറ്റിവയ്ക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്. ആദ്യമായാണ് ഒരു മനുഷ്യമാതൃകയില്‍ ഇത്തരമൊരു പരീക്ഷണം നടന്നുകാണുന്നതെന്ന് എന്‍സൈം വികസിപ്പിച്ചെടുത്ത ഗവേഷകര്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ യുബിസി പ്രൊഫസര്‍ പറയുന്നു.
ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ഒരു ദശാബ്ദമായി നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇതെന്ന് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ടൈപ്പ് ഒ ബ്ലഡ് ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍പോലും ഒ ബ്ലഡ് ഗ്രൂപ്പില്‍പ്പെട്ട വൃക്കകള്‍ക്കുള്ള വര്‍ധിച്ച ഡിമാന്‍ഡ് കാരണം കാലങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. അതിനാല്‍ പുതിയ എന്‍സൈം ട്രീറ്റ്‌മെന്റ് അവയവത്തെ തന്നെ മാറ്റുന്നു. ഇത് വേഗത്തിലുള്ള വൃക്ക മാറ്റിവയ്ക്കലിലേക്ക് നയിക്കുന്നു. ബ്ലഡ് ഗ്രൂപ്പ് നോക്കാതെ മരിച്ച ആളുകളില്‍ നിന്നും വൃക്ക സ്വീകരിക്കാനും ഇതോടെ സാധിക്കും.
2023ലാണ് ആദ്യമായി ഇത്തരത്തില്‍ എന്‍സൈം ട്രീറ്റ്‌മെന്റിലൂടെ വികസിപ്പിച്ചെടുത്ത യൂണിവേഴ്‌സല്‍ വൃക്ക മസ്തിഷ്‌ക രോഗം ബാധിച്ചുമരിച്ച വ്യക്തിയിലേക്ക് മാറ്റി വയ്ക്കുന്നത്. വൃക്കയെ ശരീരം നിരസിക്കാതെ ദിവസങ്ങളോളം ആ ശരീരത്തില്‍ വൃക്ക പ്രവര്‍ത്തിക്കുകയും ചെയ്തു.
Content Highlights: Universal Donor Kidney — Enzyme‑Converted Type O for Every Patient