
കൊച്ചി: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ലോറിയില്‍ നിന്ന് ദേഹത്ത് സള്‍ഫ്യൂരിക് ആസിഡ് വീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാല തീക്കോയി മാടപ്പള്ളില്‍ സി ആര്‍ ഗിരീഷ്(36) ആണ് അറസ്റ്റിലായത്. മനുഷ്യജീവന് അപകടമായ വിധം അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനും, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനുമാണ് കേസ്. ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, ടാങ്കര്‍ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ആസിഡ് വീണ് പൊള്ളലേറ്റ ബൈക്ക് യാത്രികന്‍ കണ്ണമാലി കണ്ടക്കടവ് പാലയ്ക്കാപ്പള്ളിവീട്ടില്‍ പി എസ് ബിനിഷ്(36) എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമായിരിക്കും ബിനീഷിന്റെ മൊഴി എടുക്കുക.
കൊച്ചി തേവര ഫെറി സിഗ്നല്‍ ജങ്ഷനില്‍ കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് 6.45-നാണ് അപകടമുണ്ടായത്. എതിരെ വന്ന ടാങ്കര്‍ലോറിയില്‍ നിന്ന് ബിനീഷിന്റെ കഴുത്തിലും ഇരുകൈകളിലുമായി ആസിഡ് വീഴുകയായിരുന്നു. ആസിഡ് വീണ ഭാഗത്തെല്ലാം പൊള്ളലേറ്റു. ടൈല്‍ ജോലിക്കാരനായ ഇയാല്‍ കരിമുകളിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. കൊച്ചി തുറമുഖത്ത് നിന്ന് ഫാക്ടറിയിലേക്ക് സള്‍ഫ്യൂരിക് ആസിഡ് കൊണ്ട് പോവുകയായിരുന്ന ടാങ്കര്‍ലോറിയില്‍ നിന്നാണ് ആസിഡ് തെറിച്ച് അപകടമുണ്ടായത്.
Content Highlights: Lorry driver arrested after biker got burns from acid spills from tanker