ദീപാവലി മൂന്നാംകിട കുടിയേറ്റക്കാരുടെ ആഘോഷം; ആശംസ അയച്ച നെറ്റ്ഫ്ളിക്സിനെ ചീത്തവിളിച്ച് കനേഡിയന്‍ പൗരന്‍

"എന്റെ രാജ്യത്തെ കയ്യേറുന്ന മൂന്നാംകിട കുടിയേറ്റക്കാരുടെ ആഘോഷത്തോട് ഒരു താൽപര്യവുമില്ല"

ദീപാവലി മൂന്നാംകിട കുടിയേറ്റക്കാരുടെ ആഘോഷം; ആശംസ അയച്ച നെറ്റ്ഫ്ളിക്സിനെ ചീത്തവിളിച്ച് കനേഡിയന്‍ പൗരന്‍
dot image

ദീപാവലി ആശംസകളുമായി എത്തിയ നെറ്റ്ഫ്‌ളിക്‌സ് മെയിലിന് ഒരു കനേഡിയൻ നല്‍കിയ രൂക്ഷ പ്രതികരണം ചർച്ചയാകുന്നു. വെള്ളക്കാരനായ തനിക്ക് എന്തിനാണ് ഈ മൂന്നാംകിട രാജ്യത്തിന്റെ ആഘോഷങ്ങൾക്ക് ആശംസ അറിയിക്കുന്നത് എന്നായിരുന്നു മാർട്ടി ബെലാങ്കർ എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ദീപാവലി ആശംസകൾ നേർന്ന മെയിലിന്റെ സ്‌ക്രീൻ ഷോട്ടും മാർട്ടി പങ്കുവെച്ചിരുന്നു.

ഇന്ത്യക്കാർ തന്റെ നാടിനെ കയ്യേറാൻ ശ്രമിക്കുകയാണെന്നും ഇയാളുടെ പ്രതികരണത്തിലുണ്ട്. 'നെറ്റ്ഫ്‌ളിക്‌സിനോടും മറ്റ് സ്ഥാപനങ്ങളോടും… നിങ്ങളുടെയൊക്കെ കയ്യിൽ എന്റെ എല്ലാ വ്യക്തിഗത വിവരങ്ങളും ഉണ്ടല്ലോ. അതെല്ലാം നിങ്ങൾ പല രീതിയിൽ ശേഖരിച്ചു വെക്കാറുണ്ടല്ലോ. എന്നാലും ഞാൻ ഒന്നു കൂടി പറയാം. ആൽബർട്ടയിൽ നിന്നുള്ള മധ്യവയസ്‌കനായ ഒരു വെള്ളക്കാരനാണ് ഞാൻ. വാർ മൂവീസും സയൻസ് ഫിക്ഷനും ക്രൈം ഡോക്യുമെന്ററികളുമാണ് എനിക്ക് കാണാൻ ഇഷ്ടം.

ഇനി എനിക്ക് ഇമ്മാതിരി വൃത്തികെട്ട സാധനങ്ങൾ അയച്ചുപോകരുത്, പറഞ്ഞേക്കാം. എന്റെ രാജ്യത്തെ കയ്യേറാൻ നോക്കുന്ന മൂന്നാംകിട കുടിയേറ്റക്കാരുടെ ഒരു ആഘോഷം എനിക്ക് വെറും പുല്ലാണ്,' മാർട്ടി ബെലാങ്കറുടെ എക്‌സ് പോസ്റ്റിൽ പറയുന്നു.

ക്രിസ്മസിന് പോലും തനിക്ക് ആശംസകൾ നേരത്തെ നെറ്റ്ഫ്‌ളിക്‌സാണ് ഇപ്പോൾ ദീപാവലി ആശംസകളുമായി വന്നിരിക്കുന്നത് എന്നും മാർട്ടി ഈ പോസ്റ്റിന് താഴെ പറയുന്നുണ്ട്. റേസിസ്റ്റ് പരാമർശമാണ് നടത്തുന്നത് എന്ന കമന്റുകളുമായി വന്നവരോടും രൂക്ഷമായാണ് ഇയാൾ പ്രതികരിച്ചിരിക്കുന്നത്.

മാർട്ടിയെ ട്രോളിയും നിരവധി പേർ എത്തുന്നുണ്ട്. ഒരു മെയിലിന്റെ പേരിൽ ഇത്രയും വിദ്വേഷ പ്രതികരണം നടത്തുന്നത് എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. ഇന്ത്യക്കാരടക്കം മറ്റ് രാജ്യങ്ങളിൽ നിന്നുമെത്തിയവരെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ പാശ്ചാത്യരാജ്യങ്ങളിൽ വ്യാപകമാകുന്നുണ്ട്.

അടുത്തിടെ അമേരിക്കയിലെ വാഷിംഗ്ടൺ സ്വദേശി ഗണേഷ് ചതുർത്ഥിയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ കുടിയേറ്റത്തെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഗണേഷ് ചതുർത്ഥി ഘോഷയാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഡാനിയേൽ എന്നയാളുടെ പ്രതികരണം. എച്ച് 1 എൻ 1 വിസ റദ്ദാക്കണമെന്നും തന്റെ മക്കൾ ഇന്ത്യയിലല്ല അമേരിക്കയിലാണ് വളരേണ്ടത് എന്നുമായിരുന്നു ഡാനിയേൽ പറഞ്ഞത്. വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് നിലപാടിലായിരുന്നു ഡാനിയേൽ. ഡാനിയേൽ ഭാഗമായ പള്ളിയാണ് ഇയാളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നത്. തയ്യാറാകാതിരുന്നതോടെ ഡാനിയേലിന്റെ പള്ളിയിലെ അംഗത്വം റദ്ദാക്കിയിരുന്നു.

കാനഡയിൽ ഇന്ത്യൻ പൗരന്മാർ ഏറെയുള്ളതുകൊണ്ട് രാജ്യത്തെ പ്രധാന ആഘോഷങ്ങളിലൊന്നായി ദീപാവലി മാറിക്കഴിഞ്ഞു. വലിയ രീതിയിലാണ് ഇന്ത്യക്കാരുള്‍പ്പെടെ ഇവിടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. വിവിധ വിഭാഗക്കാരായ ജനങ്ങൾ തമ്മിലുള്ള സൗഹാർദം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയടക്കമുള്ളവർ കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

Content Highlights: Canadian lashes out at Netflix for sending a Diwali mail

dot image
To advertise here,contact us
dot image