
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയെ പരിഹസിച്ച് എം വിന്‍സെന്റ് എംഎല്‍എ. മന്ത്രിയുടേത് വെറും ഷോ ആണെന്ന് വിന്‍സെന്റ് എംഎല്‍എ പരിഹസിച്ചു. ഗണേഷ് കുമാര്‍ സോഷ്യല്‍ മീഡിയക്ക് വേണ്ടി ജീവിക്കുന്നയാളാണെന്നും ഡിപ്പോകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നും വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു.
'അടുത്ത ദിവസങ്ങളിലെ മന്ത്രിയുടെ പെര്‍ഫോര്‍മന്‍സ് കാണുമ്പോള്‍ വലുതായിട്ടല്ലെങ്കിലും ചെറിയ എന്തോ കുഴപ്പം മന്ത്രിക്കുള്ളതായിട്ടാണ് തോന്നുന്നത്. സോഷ്യല്‍മീഡിയക്ക് വേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് മന്ത്രി', എം വിന്‍സെന്റ് പറഞ്ഞു.
നടുറോഡില്‍ യാത്രക്കാരുമായി വരുന്ന വാഹനം ആര് തടഞ്ഞുനിര്‍ത്തിയാലും കേസെടുക്കും. മന്ത്രിക്ക് ഇത്തരത്തില്‍ വാഹനം പരിശോധിക്കാന്‍ അധികാരം ഉണ്ടോ? സാധാരണയായി ബസ്സുകളില്‍ സീറ്റിനടിയില്‍ ബോക്‌സ് ഉണ്ടാകും. അതിനുള്ളിലാണ് ഡ്രൈവര്‍മാര്‍ വെള്ളം സൂക്ഷിക്കുന്നത്. റോഡിലേക്ക് കുപ്പി വലിച്ചെറിയുന്ന ക്ലീന്‍ കേരളയാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും എം വിന്‍സെന്റ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പല ഡിപ്പോകളിലും ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കാനുള്ള സൗകര്യം പോലുമില്ല. ഇതെല്ലാം ചെയ്തിട്ടാണ് ജീവനക്കാര്‍ ഈവിധം പെരുമാറുന്നതെങ്കില്‍ നമുക്ക് വിമര്‍ശിക്കാം. ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഒരു മന്ത്രിയും ഇല്ലെന്നും വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെയാണ് മന്ത്രി പിന്നാലെയെത്തി ബസ് തടഞ്ഞുനിര്‍ത്തിയത്. പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യാത്തതില്‍ മന്ത്രി ജീവനക്കാരെ ശകാരിക്കുകയും ചെയ്തിരുന്നു. കൊടിക്കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ബസിലെ മാലിന്യങ്ങള്‍ അതാത് സമയത്ത് തന്നെ നീക്കം ചെയ്യണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞിരുന്നു.
Content Highlights: m vincent mla Mocks k b ganesh kumar over KSRTC Inspection